ഡല്‍ഹി: സി.പി.എമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് തിങ്കളാഴ്ച വിശാഖപട്ടണത്ത് കൊടിയേറും. രാജ്യവ്യാപകമായ ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിച്ച് പുതിയ ഉണര്‍വ്വിന് തുടക്കമിടാനുള്ള നയങ്ങള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കും.
പതിറ്റാണ്ടിലേറെയായി സി.പി.എമ്മിനെ നയിക്കുന്ന പ്രകാശ് കാരാട്ട് ഇക്കുറി ജനറല്‍ സെക്രട്ടറിസ്ഥാനമൊഴിയും. പുതിയ നേതൃനിര സ്ഥാനമേല്‍ക്കും, പാര്‍ട്ടി ഇതുവരെ തുടര്‍ന്നുവന്ന അടവുനയ രേഖയിലെ തിരുത്തും പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ട്.
പശ്ചിമ ബംഗാളിലടക്കം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയും ലോകസഭയില്‍ അംഗബലം ഒറ്റ അക്കത്തില്‍ ഒതുങ്ങിപ്പോവുകയും ചെയ്ത സാഹചര്യമാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ കേരളത്തിലും ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുന്നില്ല എന്ന വിമര്‍ശനവും മുന്നിലുണ്ട്. ബിജെപി സര്‍ക്കാരിനെതിരായ സ്വീകരിക്കേണ്ട അടവ് നയം സംബന്ധിച്ച് വിശദമായ ചര്‍ച്ച തന്നെ യോഗത്തില്‍ നടക്കും. ആര്‍എസ്എസ്-ബിജെപി രാഷ്ട്രീയത്തോട് സന്ധിയില്ലെന്ന കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെങ്കിലും അതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളുമായുള്ള സഹകരണം എങ്ങനെയെന്ന കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല. അടവുനയ അവലോകനം, രാഷ്ട്രീയ പ്രമേയം എന്നിവയുടെ ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമെന്ന് തീര്‍ച്ചയാണ്.
ചരിത്രത്തിലാദ്യമായി എസ്.യു.സി.ഐയും സി.പി.ഐ (എം.എല്‍)ഉം ക്ഷണിക്കപ്പെട്ടുവെന്നതാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സവിശേഷതകളിലൊന്ന്. സി.പി.എം, സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്‌ളോക്,
ആര്‍.എസ്.പി എന്നീ നാലു പാര്‍ട്ടികള്‍ക്ക് അപ്പുറമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ മുഖ്യധാരയിലേക്ക് കൂട്ടി ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം എസ്.യു.സി.ഐ, സി.പി.ഐ (എം.എല്‍) എന്നിവയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതിന്റെ തുടര്‍ച്ചയായാണ് അവയുടെ നേതാക്കളെ പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.
പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുതിര്‍ന്ന പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍, ബംഗാള്‍ ഘടകത്തെ പോലത്തെന്നെ പ്രബലരായ കേരള ഘടകത്തിന്റെ പിന്തുണ ഏറെയും എസ്.ആര്‍.പിക്കാണ്.
Discussion about this post