പാലക്കാട്: മുന്നോക്ക സമുദായക്കാര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കം ജാതി സംവരണം എന്ന രാഷ്ട്രീയാശയത്തിന്റെ നേര്‍ക്കുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്‍റെ പ്രതികരണം.
വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മുന്നോക്ക സമുദായക്കാർക്ക് ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനം ജാതി സംവരണം എന്ന രാഷ്ട്രീയാശയത്തിന്റെ നേർക്കുള്ള പരസ്യമായ വെല്ലുവിളിയാണ്. ആയിരത്താണ്ടുകളായി ക്രൂരമായ അടിച്ചമർത്തലുകളും അവസര നിഷേധങ്ങളും നേരിട്ട ഇന്നാട്ടിലെ അടിസ്ഥാന ജനവിഭാഗം പോരാട്ടങ്ങളിലൂടെയും ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിയും നേടിയെടുത്ത ഒരു വലിയ അവകാശത്തെയാണ് സിപിഎം സർക്കാർ ഈ സാമ്പത്തിക സംവരണത്തിലൂടെ അട്ടിമറിക്കുന്നത്.
ദേവസ്വം ബോർഡുകളിൽ സവർണ്ണ സമുദായക്കാർക്ക് ഇപ്പോൾത്തന്നെ മൃഗീയ ഭൂരിപക്ഷമാണുള്ളത്. ഉദാഹരണത്തിന് അയ്യായിരത്തിലേറെ ജീവനക്കാരുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കഷ്ടിച്ച് നൂറോളം പേർ മാത്രമാണ് പട്ടിക ജാതി, വർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളത്. കാലങ്ങളായി നിലനിന്ന ഈ അനീതി പരിഹരിക്കാനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് നിയമത്തിലൂടെയാണ് സംസ്ഥാനത്ത് ആദ്യമായി പിന്നാക്കജാതിക്കാർക്കുള്ള ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പുവരുത്തപ്പെട്ടത്. അതിനെ അട്ടിമറിക്കുന്ന തരത്തിലാണ് ഇപ്പോൾ മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള നീക്കം.
സംവരണത്തിന്റെ ലക്ഷ്യം ഏതെങ്കിലും വ്യക്തികളേയോ വിഭാഗങ്ങളേയോ സാമ്പത്തികമായി സഹായിക്കാനോ ഉയർത്തിക്കൊണ്ടുവരാനോ അല്ല എന്നത് എത്രയോ തവണ വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിവിധ വിഭാഗങ്ങളുടെ റപ്രസെന്റേഷൻ അഥവാ അധികാരപങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. സംവരണം നൽകാൻ മാത്രം പ്രാതിനിധ്യക്കുറവ് ഇവിടത്തെ ദേവസ്വം ബോർഡുകളിൽ മുന്നാക്ക സമുദായക്കാർക്ക് ഉണ്ടോ എന്ന് കണക്കുകൾ സഹിതം തെളിയിക്കാൻ സർക്കാർ കടന്നുവരണം. ഇക്കാര്യത്തിൽ ഒരു ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണം. ഏത് മാനദണ്ഡപ്രകാരമാണ്, ഏതെല്ലാം രേഖകൾ വച്ചാണ് ഒരാളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ സർക്കാർ കൃത്യമായി കണക്കാക്കാൻ പോകുന്നതെന്നും വ്യക്തമാക്കണം.
മുസ്ലിങ്ങൾക്കും കൃസ്ത്യാനികൾക്കുമൊന്നും ദേവസ്വം ബോർഡിൽ ജോലി നൽകാത്തതുകൊണ്ട് മറ്റിടങ്ങളിൽ അവർക്ക് നൽകുന്ന ക്വോട്ട കൂടി ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ് നൽകുന്നതെന്നും അതിൽനിന്നെടുത്താണ് “സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർ”ക്ക് പത്ത് ശതമാനം സംവരണം നൽകുന്നതെന്നുമാണ് സർക്കാർ വക്താക്കളുടെ ന്യായവാദം. എന്നാൽ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം എന്ന ലോജിക്കില്ലായ്മ ആദ്യമായി ഒരു ലോജിക്കായി അംഗീകരിക്കപ്പെടുന്നു എന്നതാണിതിന്റെ അപകടം. അതിന്റെ പ്രത്യാഘാതം ചെറുതല്ല.
ജാതി സംവരണത്തെ പടിപടിയായി അട്ടിമറിക്കുക എന്ന സംഘ് പരിവാർ അജണ്ടയുടെ ഭാഗമായാണ് സാമ്പത്തിക സംവരണം എന്ന ആശയം തന്നെ കടന്നുവരുന്നത്. അങ്ങേയറ്റം അപ്രായോഗികവും ദുരുപയോഗ സാധ്യതയുള്ളതുമാണ് സാമ്പത്തിക സംവരണം. ഇന്ന് ദേവസ്വം ബോർഡുകളിൽ നടപ്പാക്കുന്ന സാമ്പത്തിക സംവരണം നാളെ മറ്റെല്ലായിടത്തേക്കും കടന്നുവരുന്നതോടെ അധസ്ഥിത ജനവിഭാഗങ്ങളേ സംബന്ധിച്ചിടത്തോളം ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം പൂർണ്ണമായി ഇല്ലാതാകുന്ന
സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. 2019-ൽ കേന്ദ്രത്തിൽ വീണ്ടുമൊരിക്കൽക്കൂടി അധികാരത്തിലെത്തിയാൽ ജാതിസംവരണം ഇല്ലാതാക്കാൻ കോപ്പുകൂട്ടുന്ന സംഘ് പരിവാരത്തിനൊപ്പം മുൻപേ പറക്കുന്ന പക്ഷികളാവുകയാണ് പിണറായി വിജയനും ബ്രാഹ്മണിക്കൽ സിപിഎമ്മും.
https://www.facebook.com/vtbalram/posts/10155348155759139
Discussion about this post