മൂന്നാര്‍: തോമസ് ചാണ്ടിയുടെ വിഷയത്തില്‍ റവന്യൂ വകുപ്പും സി.പി.എമ്മും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്നതിനിടെ സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേവികുളം എം.എല്‍.എ എസ്.രാജന്ദ്രന്‍ രംഗത്ത്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ റവന്യൂ വകുപ്പ് ശ്രമിക്കുന്നതായി രാജേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങള്‍ റവന്യൂ, വനം വകുപ്പുകള്‍ നടപ്പിലാക്കുന്നില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
ദേവികുളം സബ്കളക്ടര്‍ പ്രേംകുമാര്‍ കോപ്പിയടിച്ച് ഐ.എ.എസ് നേടിയ ആളാണ്. മറ്റാരുടെയോ നിയന്ത്രണത്തിലാണ് സബ്കളക്ടറെന്നും രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറില്‍ മറ്റാരോ നിര്‍ദ്ദേശിക്കുന്നതു പോലെയാണ് സബ്കളക്ടര്‍ പ്രവര്‍ത്തിക്കുന്നത്, ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കളക്ടര്‍ ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നും എംഎല്‍എ പരിഹസിച്ചു.
മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ മൂന്നാറില്‍ നടപ്പാക്കുന്നില്ല. പകരം സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിയുടെ രാജിയെചൊല്ലി ഉയര്‍ന്ന സിപിഐസിപിഎം തര്‍ക്കമാണ് മൂന്നാറിലും ശക്തിപ്പെടുന്നത്. കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജോയ്‌സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലുമായി സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തിയത്.
Discussion about this post