കൊച്ചി: വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടി അമല പോള്‍, നടന് ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തു. നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നോട്ടീസ് നല്‍കിയിട്ടും അമല പോള്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൊച്ചിയിലെ വാഹന ഡീലര്‍ക്കെതിരേയും കേസെടുത്തു.
പോണ്ടിച്ചേരിയില്‍ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമല പോള്‍ തന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തനിക്ക് നടിയെ അറിയില്ലെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി അമല പോള്‍ ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ചമച്ചതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.
അതിനിടെ നടന് ഫഹദ് ഫാസില്‍ ആലപ്പുഴ ആര്.ടി.ഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു. വാഹനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പും ക്രൈംബ്രാഞ്ചും താരത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമെ ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിക്കെതിരെയും നികുതി വെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് പുതുച്ചേരിയില്‍ ഫ്ളാറ്റുണ്ടെന്ന മറുപടിയാണ് താരം നല്‍കിയത്.
ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14 മുതല്‍ 20 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്കിയാല് മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരള രജിസ്ട്രേഷന് സ്വീകരിക്കണമെന്നാണ് നിയമം.
അതേസമയം ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ 17 ലക്ഷം രൂപ നികുതി അടച്ച് വാഹനം കേരള രജിസ്ട്രേഷനിലേക്ക് മാറ്റിയിരുന്നു.
Discussion about this post