പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു വിദഗ്ധ ചികിത്സയ്ക്കായി അയച്ച കുഞ്ഞു മരിച്ചതു യഥാസമയം ഓക്സിജന്‍ ലഭിക്കാതെ എന്ന് സൂചന. ആംബുലന്‍സ് മണ്ണാര്‍ക്കാട് ടൗണ്‍ പിന്നിടുന്നതിനു മുന്‍പ് ഓക്സിജന്‍ സിലിണ്ടര്‍ കാലിയായി. തിരികെ ആശുപത്രിയിലെത്തിച്ചു പുതിയ സിലിണ്ടര്‍ ലഭ്യമാക്കിയ ശേഷമാണു യാത്ര തുടര്‍ന്നത്. വഴി മധ്യേ കുഞ്ഞു മരിച്ചു. പുലാപ്പറ്റ സ്വദേശികളായ വിജയകുമാര്‍-ഇന്ദു ദമ്പതികളുടെ ഏക കുഞ്ഞാണു മരിച്ചത്.
നവംബര്‍ രണ്ടിനു നടന്ന സംഭവം ഇപ്പോഴാണു പുറത്തു വരുന്നത്. മാസം തികയും മുന്‍പു ശസ്ത്രക്രിയയിലൂടെയാണു കുഞ്ഞിനെ പുറത്തെടുത്തത്. എട്ടു മാസവും 12 ദിവസവുമായപ്പോള്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഉടന്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകാനായിരുന്നു ഡോക്ടറുടെ ഉപദേശം. യാത്രക്കിടെ ഓക്സിജന്‍ തീര്‍ന്നതായി കുഞ്ഞിന്റെ അച്ഛന് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഓക്സിജന്‍ തീര്‍ന്നതായി കണ്ടെത്തി.
ശ്വാസതടസ്സമുണ്ടായിരുന്ന കുട്ടിക്ക് യഥാസമയം ഓക്സിജന്‍ ലഭിക്കാത്തതാണു മരണ കാരണമെന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതു ശരി വയ്ക്കുന്നതായി സൂചനയുണ്ട്.
Discussion about this post