തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായി നാലു ദിവസമായിട്ടും ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാതിരുന്ന സംസ്ഥാനമന്ത്രിമാര്‍ക്കെതിരെ പൂന്തുറയില്‍ വ്യാപക പ്രതിഷേധം. ഇന്നലെ രാവിലെ തിരുവനന്തപുരം പൂന്തുറയില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എത്തിയപ്പോഴായിരുന്നു മത്സ്യത്തൊഴിലാളികളെ തിരിഞ്ഞു നോക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും തങ്ങളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കുമെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയത്.
ഞങ്ങള്‍ക്ക് കൊലയാളി പിണറായിയെയും ശവംതീനി മേഴ്‌സിക്കുട്ടിയമ്മയെയും കാണേണ്ട, ഞങ്ങള്‍ക്ക് കേന്ദ്രമന്ത്രിയെ കണ്ടാല്‍ മതി എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമെത്തിയത്.
‘മേഴ്‌സിക്കുട്ടിയും പിണറായിയും ഞങ്ങളുടെ മക്കളെ കൊന്നതാണ്. മേഴ്‌സിക്കുട്ടി ഇപ്പോള്‍ ഞങ്ങളുടെ ശവം തിന്നാന്‍ വന്നതാണ്. ഞങ്ങള്‍ക്ക് അവരെ കാണേണ്ട ഞങ്ങള്‍ക്ക് കേന്ദ്രമന്ത്രിയെ കണ്ടാല്‍മതി ഞങ്ങളുടെ വേദനകള്‍ അവരോട് പറയണം. കേന്ദ്രമന്ത്രിയെ ഞങ്ങള്‍ സ്വീകരിക്കാം’, അവര്‍ പറഞ്ഞു.
‘മന്ത്രിയായിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത ആളാണ് മേഴ്‌സിക്കുട്ടി. പിണറായിക്ക് മുഖ്യമന്ത്രിയായിരിക്കാനും അര്‍ഹതയില്ല. ഇവിടുന്ന് നാല് കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമുള്ള മുഖ്യമന്ത്രിയ്ക്ക് പൂന്തുറയില്‍ വരാനായില്ല. ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ഞങ്ങള്‍ക്ക് ആവശ്യമില്ല.’ അവര്‍ പറഞ്ഞു.
ഓഖി ചുഴലിക്കാറ്റില്‍ അകപെട്ട ഉറ്റവര്‍ക്കായി കാത്തിരുന്നവരെ സന്ദര്‍ശിക്കാനോ, കാണാതായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രി തീരദേശത്ത് എത്തിയിരുന്നില്ല. ഒടുവില്‍ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ദുരിതമേഖലയില്‍ എത്തിയത്. എന്നാല്‍ വിഴിഞ്ഞത്തും പൂന്തുറയിലും ശക്തമായ പ്രതിഷേധവുമായാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് പൂന്തുറ സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രി സംസാരിച്ച് മടങ്ങുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും വാഹനത്തില്‍ അടിക്കുകയും ചെയ്തു. മൂന്നുമിനിറ്റോളം വാഹനം തടഞ്ഞുവച്ചു. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍ കയറാനായില്ല. പിന്നീട് മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് കയറിലായിരുന്നു മുഖ്യമന്ത്രി മടങ്ങിയത്.
https://www.youtube.com/watch?v=c-QsDDNZTQE&feature=youtu.be
Discussion about this post