ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം തള്ളി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ് മാപ്പ് പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍നിന്നുള്ള നയതന്ത്രജ്ഞരുമായി മുന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ സംഭവം ചൂണ്ടിക്കാട്ടുക മാത്രമാണ് മോദി ചെയ്തതെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മാപ്പു പറയേണ്ട ആവശ്യമെന്താണെന്നും ജയ്റ്റ്‌ലി ചോദിച്ചു. ആരോപണത്തിലെ ദുരൂഹത നീക്കാന്‍ കോണ്‍ഗ്രസ് തയാറാവണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടിക്കാഴ്ച എന്തിനെന്നു വ്യക്തമാക്കണം. പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റപ്പെടുത്താനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണ്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് മന്‍മോഹന്‍ ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആവശ്യം തള്ളി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കണം.
ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന നിലപാട് അംഗീകരിക്കാന്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കും ബാധ്യതയുണ്ട്. അത് അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. മുമ്പത്തെ ഒരു സര്‍ക്കാരും ഭീകരവാദത്തെ ഇത്രയധികം കാര്യക്ഷമമായി നേരിട്ടിട്ടില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
Discussion about this post