നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കാണാതായത് പ്രായപൂര്‍ത്തിയാകാത്ത 56 പെണ്‍കുട്ടികളെയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ആറു പെണ്‍കുട്ടികള്‍ എവിടെയെന്ന് വിവരമില്ല. കഴിഞ്ഞ 11 മാസത്തിനിടെ ഇടുക്കിയില്‍ നിന്ന് ആകെ 430 പേരെ കാണാതായിട്ടുണ്ടെന്നാണു ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. ഇതില്‍ 390 പേരെ ജില്ലാ പൊലീസിന്റെ സ്പെഷല്‍ സ്ക്വാഡ് കണ്ടെത്തി.
ആറു പെണ്‍കുട്ടികളടക്കം 40 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ നിന്നു കാണാതായ, 18 വയസ്സില്‍ താഴെ പ്രായമുള്ള 28 ആണ്‍കുട്ടികളില്‍ 24 പേരെയും കണ്ടെത്തിയെങ്കിലും മറ്റുള്ളവരെക്കുറിച്ചു വിവരമൊന്നുമില്ല.കൂടാതെ 18 വയസ്സിനു മുകളില്‍ പ്രായമുള്ള 245 സ്ത്രീകളെ കാണാതായിരുന്നു. ഇവരില്‍ 233 പേരെയും കണ്ടെത്തി. 12 പേരെക്കുറിച്ചു വിവരമൊന്നുമില്ല. 18 വയസ്സിനു മുകളില്‍ പ്രായമുള്ള 101 പുരുഷന്മാരെ കാണാതായതില്‍ 83 പേരെ പൊലീസ് കണ്ടെത്തി.
വിദ്യാര്‍ഥികള്‍, വയോധികര്‍, സ്ത്രീകള്‍ എന്നിവരടക്കമുള്ളവരാണു ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്നു കാണാതായിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായ വിവിധ പരാതികളില്‍ 74 പേരെ പൊലീസ് കണ്ടെത്തി. കാണാതായവരില്‍, 20 വയസ്സിനു മുകളില്‍ പ്രായമുള്ളവരെക്കുറിച്ചാണു പൊലീസിനു കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തത്. അന്വേഷണം നടത്തിയിട്ടും ഒരുതുമ്പും പൊലീസിനു ലഭിച്ചിട്ടില്ല.
പെട്ടെന്നു കാണാതാകുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതാണെന്നാണു പൊലീസ് നിഗമനം. നാടോടിസംഘങ്ങള്‍ ജില്ലയിലെത്തുന്ന സീസണുകളിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും പൊലീസ് സംശയിക്കുന്നു. തോട്ടംമേഖലയില്‍നിന്ന് ഒട്ടേറെപ്പേരെ കാണാതാകുന്ന സംഭവങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ കാര്യമായ പരാതികളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല.
കാണാതായവരുടെ കണക്കുകള്‍ ഇങ്ങനെ
ജില്ലയില്‍ നിന്ന് ആകെ കാണാതായവരുടെ എണ്ണം-430
കണ്ടെത്താനുള്ളവരുടെ എണ്ണം-40
കാണാതായവരില്‍ 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍-56
ഇനിയും കണ്ടെത്താനുള്ള പെണ്‍കുട്ടികളുടെ എണ്ണം-6
കാണാതായവരില്‍ 18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍-28
കണ്ടെത്താനുള്ള ആണ്‍കുട്ടികളുടെ എണ്ണം-4
Discussion about this post