തിരുവനന്തപുരം : നിയമസഭയിൽ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക്കുതർക്കവും നടന്നു. എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതാണ് വാക്കുതർക്കത്തിനിടയാക്കിയത്. എം.വിൻസെന്റ് എംഎൽഎയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.
കാര്യവട്ടം ക്യാമ്പസിൽ പുറത്ത് നിന്നുള്ളവർ എത്തിയതാണ് സംഘർഷ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ രീതികൾ പ്രചാരണത്തിന് വേണ്ടി നിങ്ങൾ ഉപയോഗിക്കുകയാണ്. വയനാട്ടിൽ ഗാന്ധി ചിത്രം തകർത്തത് ആരാണ്? എകെജി സെന്റർ പടക്കമേറും മുഖ്യമന്ത്രി ഉന്നയിച്ചു. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടാകുന്നത് എല്ലാം നിർഭാഗ്യകരമാണ്. ഇതുണ്ടാകാൻ പാടില്ലായെന്ന വ്യക്തമായ അഭിപ്രായമാണ് സർക്കാരിനുള്ളത്. ഇത്തരം സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി പോലീസ് ആവശ്യമായ ഇടപെടലുകൾ നടത്തിവരുന്നുണ്ട്. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അതിനെ രാഷ്ട്രീയ കാഴ്ചപ്പാടോട് കൂടി മാത്രം കണ്ടുകൊണ്ട് ഒരു പ്രത്യേക വിദ്യാർഥിസംഘടനയെ താറടിക്കാനുള്ള തത്രപ്പാടാണ് പ്രശ്‌നങ്ങളെ ഒന്നുകൂടി വഷളാക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം എം.വിൻസെന്റ് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. എല്ലാ കോളേജുകളിലും എസ്എഫ്‌ഐക്ക് ഇടിമുറിയുണ്ട്. എസ്എഫ്‌ഐ കേരളത്തിന് ബാധ്യതയായി മാറുകയാണ് എന്ന് എം. വിൻസന്റ് പറഞ്ഞു. കാര്യവട്ടം ക്യാമ്പസുകളിൽ അപേക്ഷകരുടെ എണ്ണം കുറഞ്ഞെന്നും എം വിൻസന്റ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി എസ്എഫ്‌ഐക്ക് നൽകുന്ന പിൻതുണയാണ് അവർക്ക് ഈ അക്രമം നടത്താനുള്ള ഊർജം . ഹെൽമെന്റും ചെടിച്ചട്ടിയും കൊണ്ട് എതിരാളികളുടെ കൈയും തലയും ചവിട്ടി പൊട്ടിക്കുന്നവരെ എങ്ങനെയാണ് രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഇങ്ങനെ സംരക്ഷിക്കാൻ കഴിയുന്നത് എന്ന് എം വിൻസന്റ് ചോദിച്ചു.
Discussion about this post