പാലക്കാട്: മണ്ണാർക്കാട് സിപിഐ നേതാവും അനുയായികളും ബിജെപിയിൽ . സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അദ്ദേഹത്തിന് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിക്കും. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമാണ് ജോർജ്.
നിലവിൽ ജില്ലയിലെ സിപിഐയിൽ വിഭാഗീയതയും പ്രശ്‌നങ്ങളും രൂക്ഷമാണ്. ഇതിനിടെയാണ് സിപിഐ നേതാവ് ബിജെപിയിൽ എത്തുന്നത്. അദ്ദേഹത്തിനൊപ്പം 15 അണികളാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. വരും ദിവസങ്ങളിലും കൂടുതൽ പേർ ബിജെപിയ്‌ക്കൊപ്പം ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഇന്ന് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും അംഗത്വ വിതരണം.
അതേസമയം പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും നേരിടാൻ തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ പാർട്ടി വിജയിക്കും. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുകൾ കൂടുകയും മറ്റ് രണ്ട് പാർട്ടികളുടെ വോട്ടുകൾ കുറയുകയും ചെയ്തു. ഇടതിനോടുള്ള ഭരണ വിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ബിജെപിയ്ക്കാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post