പുറത്ത് മഴ തകൃതിയായി പെയ്യുകയാണല്ലേ.. ഇടമുറിയാത്ത ഈ മഴക്കാലത്ത് ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം. കാരണം മഴക്കാലത്ത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഈ സമയത്ത് സാധാരണമാണ്. അതുകൊണ്ടുതന്നെ വാരിവലിച്ച് കഴിക്കാതെ വയർ അറിഞ്ഞ് വേണം കഴിക്കാൻ.
ആയുർവേദം അനുസരിച്ച്, ഈ സീസണിലെ ഭക്ഷണക്രമം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യേണ്ടതുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുക, ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുക, അസംസ്‌കൃത സാലഡുകൾ, തൈര്, പഴകിയ ഭക്ഷണം എന്നിവ ഒഴിവാക്കുക തുടങ്ങിയവയൊക്കെ ആയുർവേദം നിർദേശിക്കുന്നുണ്ട്.
സൂപ്പുകൾ, ഹെർബൽ ചായകൾ എന്നിവ മഴക്കാലത്ത് ശരീരത്തിന്റെ ചൂട് വർധിപ്പിക്കും. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മാതളനാരങ്ങ, പെയർ പോലുള്ള പഴങ്ങളും നല്ലതാണ്. കശുവണ്ടിപ്പരിപ്പ്, മറ്റ് പരിപ്പുകൾ എന്നിവ എനർജിയും പോഷണവും നൽകും.
അസിഡിറ്റിക്ക് കാരണമാകുമെന്നതിനാൽ മഴക്കാലത്ത് തക്കാളി ഒഴിവാക്കാം. ഇവ അസിഡിറ്റി ഉണ്ടാക്കുകയും ത്രിദോഷം വർധിപ്പിക്കുകയും ചെയ്യും. ചീര, ലെറ്റിയൂസ്, കെയിൽ തുടങ്ങിയ ഇലക്കറികൾ മഴക്കാലത്ത് കഴിവതും ഉപേക്ഷിക്കണം. കാരണം മഴക്കാലത്ത് ഈർപ്പം കൂടുതലുള്ള സാഹചര്യത്തിൽ ഇവയിൽ ഇ.കോളി, സാൽമോണെല്ല തുടങ്ങിയ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുർവേദ പ്രകാരം കാബേജും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ല. ഇത് ദനഹ പ്രവർത്തനത്തെ ബാധിക്കും.
കനം കുറഞ്ഞ തൊലിയുള്ള വെണ്ടക്ക മഴക്കാലത്തെ, ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ പെട്ടെന്ന് കേടാകുകയും ബാക്ടീരിയ പോലുള്ള രോഗാണുക്കളെ ആകർഷിക്കുകയും ചെയ്യുന്നു.ധാരാളം ഈർപ്പസാന്നിധ്യമുള്ള ഒരു ഭക്ഷ്യവസ്തുവാണ് കൂൺ. അതിനാൽ തന്നെ മഴക്കാലത്ത് ഇവ പെട്ടെന്ന് ബാക്ടീരിയകളെ ആകർഷിക്കും.
പലപ്പോഴും സാലഡുകളും മറ്റും മുറിച്ച് വെച്ച പഴങ്ങളാൽ ഫ്രഷ് അല്ലാതെ തയ്യാറാക്കുന്നത് കൂടുതൽ വെല്ലുവിളികൾ ഉണ്ടാക്കുന്നു. കാരണം മുറിച്ച് വെച്ച പഴങ്ങളിൽ ഈച്ചകൾ വന്നിരിക്കുകയും അത് മലിനമാവുന്നതിലേക്കും എത്തിക്കുന്നു. ഇത് ഭക്ഷ്യവിഷബാധയും അതോടൊപ്പം തന്നെ വയറ്റിലെ അണുബാധക്കും കാരണമാകുന്നു
ചൂടുള്ള ഭക്ഷണങ്ങൾ ഫ്രഷ് ആയ ഭക്ഷണങ്ങൾ എപ്പോഴും കഴിക്കുന്നതിന് ശ്രദ്ധിക്കണം. അധികം എണ്ണമയമുള്ളതും എരിവില്ലാത്തതുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എണ്ണമയം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പലപ്പോഴും വയറുവേദന, ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
Discussion about this post