ഡല്‍ഹി:ടോള്‍ ബൂത്തുകളിലൂടെ സൈനികര്‍ കടന്നു പോകുമ്പോള്‍ ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ സല്യൂട്ട് നല്‍കുകയോ എഴുന്നേറ്റ് നിന്ന് ബഹുമനിക്കുകയോ വേണമെന്ന് ദേശീയപാതാ അതോറിറ്റി. രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്ക് ടോള്‍ അടക്കേണ്ടതില്ല. എന്നാല്‍ തങ്ങളോട് ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ പരുഷമായാണ് പെരുമാറുന്നതെന്ന് സൈനികര്‍ ദേശീയ പാതാ അതോറിറ്റിയോട് പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. തങ്ങള്‍ ഔദ്യോഗിക ജോലികള്‍ക്കായി പോകുമ്പോള്‍ പോലും ജീവനക്കാരില്‍ നിന്ന് പെരുമാറ്റം അസുഖകരമാണെന്ന് സൈനികര്‍ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലേക്കും ദേശീയപാതാ അതോറിറ്റി അയച്ചു.
രാജ്യത്തിനുവേണ്ടി അതുല്യമായ സേവനം നടത്തുന്നവരാണ് സൈനികരെന്നും അതിനാല്‍ അവര്‍ക്ക് ഉയര്‍ന്ന ബഹുമാനം നല്‍കേണ്ടതുണ്ടെന്നും ദേശീയപാതാ അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു.
മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവര്‍ പരിശോധിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സൈനികരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കേണ്ടത് ദേശീയപാതാ അതോറിറ്റിയിലെ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ, അല്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള എജന്‍സിയുടെ ഉയര്‍ന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനോ മാത്രമായിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ടോള്‍ പിരിക്കാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുവാദമില്ലെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന സൈനികര്‍ക്ക് നേരെയുള്ള മോശം പെരുമാറ്റം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ദേശീയപാതാ അതോറിറ്റി പറയുന്നു. അതിനാല്‍ സൈനികര്‍ കടന്നുപോകുമ്പോള്‍ സല്യൂട്ട് നല്കുകകയോ എഴുന്നേറ്റ് നിന്നോ ആദരവ് പ്രകടിപ്പിക്കണം. തങ്ങളുടെ ജീവനക്കാര്‍ക്ക് സൈനികരെ എങ്ങനെ ബഹുമാനിക്കണം എന്ന കാര്യത്തില്‍ ടോള്‍ പിരിക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ പരിശീലനം നല്‍കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. രാജ്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങള്‍ കണക്കിലെടുത്ത് സൈനികര്‍ ഔദ്യോഗിക ജോലിയിലാണോ എന്നതില്‍ സംശയം തോന്നിയാല്‍ പോലും അതിന്റെ ആനുകൂല്യം അവര്‍ക്കുതന്നെ നല്കണമെന്ന്അതോറിറ്റി വ്യക്തമാക്കുന്നു.
1901-ലെ ഇന്ത്യന്‍ ടോള്‍ ആക്ട് പ്രകാരം സായുധ സേനാംഗങ്ങളെ ടോള്‍ നല്കുന്നതില് നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. തുടര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സായുധ സേനാംഗങ്ങള്‍ ഔദ്യോഗികകൃത്യ നിര്വഹണത്തിലാണെങ്കില് മാത്രം ടോള്‍ നല്‍കേണ്ടതില്ല എന്ന നിര്‍ദ്ദേശം നല്കി.ഇതേ തുടര്‍ന്നാണ് സൈനികര്‍ക്ക് മോശം പരാമര്‍ശങ്ങളും പെരുമാറ്റങ്ങളും ടോള്‍ പ്ലാസ ജീവനക്കാരില്‍ നിന്ന് നേരിടേണ്ടി വന്നത്.
Discussion about this post