ഓഖി ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് യഥാസമയം സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിഷയത്തില്‍ നടത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍നിന്ന് മന്ത്രി മേഴ്സികുട്ടിയമ്മ ഇറങ്ങി പോയി. ഓഖിയില്‍ ദുരിതം അനുഭവിച്ച് തീരമണഞ്ഞവരോടും സര്‍ക്കാരിന്റെ ക്രൂരതയോ എന്ന വിഷയത്തിലായിരുന്നു വിനു വി ജോണ്‍ അവതാരകനായി ചര്‍ച്ച നടന്നത്.
സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ വിനു ജോണ്‍ ആവര്‍ത്തിച്ചപ്പോള്‍ അസ്വസ്ഥയായ മന്ത്രി ചര്‍ച്ച ബഹിഷ്ക്കരിക്കുകയായിരുന്നു. ചര്‍ച്ചയില്‍ വിനു മാന്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീടും മേഴ്സികുട്ടിയമ്മയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംസാരം വിനുവില്‍നിന്ന് വന്നതിനെ തുടര്‍ന്നാണ് മേഴ്സികുട്ടിയമ്മ ഇറങ്ങി പോയത്. എന്ത് അസംബന്ധമാണിത് എന്ന പ്രതികരണത്തോടെയായിരുന്നു മന്ത്രി ചര്‍ച്ച അവസാനിപ്പിച്ചത്.
ഓഖി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍നിന്ന് രക്ഷപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ തീരമണഞ്ഞവരെ തിരികെ നാട്ടില്‍ എത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ചപറ്റിയെന്ന് അവതാരകന് സ്ഥാപിക്കുന്നതായിരുന്നു മന്ത്രിയെ പ്രകോപിപ്പിച്ചത്.ഓഖിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ പാട്രിക്, ജ്ഞാനപ്പന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍നിന്നാണ് മേഴ്സികുട്ടിയമ്മയോട് വിനു ചോദ്യങ്ങള്‍ ചോദിച്ചത്. രണ്ടു ദിവസം കൂടി അവിടെ നിന്നിരുന്നെങ്കിലും അവര്‍ക്ക് ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നുവെന്നും മന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. വീണ്ടും വിനുവില്‍നിന്ന് ചോദ്യം ഉണ്ടായപ്പോഴാണ്, എന്ത് അസംബന്ധമാണ് ഈ പറയുന്നത് എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ചര്‍ച്ച അവസാനിപ്പിക്കുകയാണ് എന്ന് മേഴ്സികുട്ടിയമ്മ പറഞ്ഞത്.താന്‍ ബാക്കിയുള്ള ചര്‍ച്ച ടിവിയില്‍ കണ്ടുകൊള്ളാമെന്ന് മന്ത്രി തങ്ങളുടെ പ്രതിനിധിയോട് പറഞ്ഞെന്ന് വിനു പിന്നീട് പറയുകയും ചെയ്തു. എന്തുകൊണ്ടാണ് ചര്‍ച്ചയില്‍നിന്ന് പിന്മാറിയതെന്ന് അറിയില്ലെന്നും വിനു വി ജോണ്‍ പറഞ്ഞു.
Discussion about this post