നിലമ്പൂര്‍: നിലമ്പൂരില്‍ ആദിവാസികളുടെ നാല് തലമുറ പഴക്കമുള്ള ക്ഷേത്രം കയ്യേറാന്‍ ശ്രമം നടത്തുന്നുവെന്നാരോപിച്ച് ആദിവാസികള്‍ സമരത്തില്‍. കവളമുട്ടയ്ക്ക് സമീപം പാട്ടക്കരിമ്പ് കോളനിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ‘വനദുര്ഗ്ഗാദേവി ക്ഷേത്രമാണ് ഭീഷണി നേരിടുന്നത്. പി.വി.ടി.ജി വിഭാഗത്തില്‍പ്പെടുന്ന കാട്ടുനായ്ക്കര്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്ഷേത്രം മേഖലയിലെ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, പണിയര്‍ എന്നീ വിഭാഗക്കാരുടെ ആരാധനാകേന്ദ്രമാണ്.
പാട്ടക്കരിമ്പ് കോളനിക്ക് സമീപം തന്നെ സ്ഥിതി ചെയ്യുന്ന കയ്യേറ്റഭൂമിയാണെന്ന് ആരോപിക്കപ്പെടുന്ന റീഗല്‍ എസ്റ്റേറ്റിന് ഉള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തോട് അനുബന്ധിച്ച് 2 ഏക്കര്‍ സ്ഥലവും തങ്ങലുടേതാണെന്ന് ആദിവാസികള്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന എസ്റ്റേറ്റ് മാനേജ്മെന്റ് ക്ഷേത്രത്തിന് അനുകൂലമായിരുന്നെങ്കിലും പുതുതായി വന്നവര്‍ ക്ഷേത്രത്തിന്റെ അവകാശം ആദിവാസികളില്‍ നിന്ന് എടുത്തുകളയാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്കുള്ള ആദിവാസികളുടെ പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന് ആദിവാസികളും എസ്റ്റേറ്റ് മാനേജ്മെന്റും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ പരാതിയെ തുടര്‍ന്ന് ക്ഷേത്രം ഒഴിപ്പിക്കാനെത്തിയ പൊലീസ് ആദിവാസികളോട് മുത്തങ്ങ ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
Discussion about this post