നല്ല ജോലി, കുടുംബം, സമ്പാദ്യം, സ്വന്തമായി വീട് വാഹനം… എല്ലാ സാധാരണക്കാരന്റെയും സ്വപ്‌നമാണിതൊക്കെ. ജീവിതകാലം മുഴുവൻ ഈ സ്വപ്‌നങ്ങളത്രയും സാക്ഷാത്ക്കരിക്കുന്നതിനായി നെട്ടോട്ടം ഓടുകയാണവർ. ദരിദ്രനായി ജനിച്ച് ദരിദ്രനായി മരിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അൽപ്പം കരുതലുണ്ടായാൽ സാധാരണക്കാർക്കും ജീവിതം പച്ചപിടിപ്പിക്കാം. മണി മാനേജ്‌മെന്റാണ് അതിന് ഏറ്റവും അത്യാവശ്യം. തരക്കേടില്ലാത്ത സാലറി വാങ്ങുന്ന സാധാരണക്കാരായ ആളുകൾ ഇടയ്ക്ക് വരുത്തുന്ന തെറ്റുകളും കൂടിയാണ് അവരെ എക്കാലവും മിഡിൽ ക്ലാസ് ആയി തന്നെ പിടിച്ചുനിർത്തുന്നതെന്ന് പറയാതെ വയ്യ.
എമർജൻസി ഫണ്ട്
എമർജൻസി ഫണ്ടില്ലാത്തതാണ് പലരെയും കുഴപ്പിക്കുന്ന ഒന്ന്. അപകടം, രോഗം എന്നിവയൊന്നും നേരിടാൻ തക്കവണ്ണമുള്ള കരുധൻ ധനം സാധാരണ്കാരന്റെ പക്കൽ ഇല്ല. ഇങ്ങനെ ഒരു അവസ്ഥ വന്നാൽ കടം വേടിക്കുകയല്ലാതെ നിവൃത്തിയില്ല, പിന്നെ ഈ കടം ഇരട്ടിയായി അടച്ചുതീർക്കാനുള്ള കഷ്ടപ്പാട്. വരുമാനത്തിനൊപ്പം തന്നെ ചെറിയ തുകകൾ മാറ്റിവച്ച് എമർജൻസി ഫണ്ട് വലുതാക്കാം.ജോലിയില്ലാതെ മൂന്ന് മുതൽ ആറ് മാസത്തെ ചെലവുകൾ വഹിക്കാൻ ആവശ്യമായ പണം എമർജൻസി ഫണ്ടായി സൂക്ഷിക്കുക. ഇങ്ങനെയൊരു തുക പക്കലുണ്ടെങ്കിൽ എന്തെങ്കിലും പ്രശ്‌നം വന്നാൽ സാമ്പത്തികമായി തകരാതെ ആശ്വാസത്തോടെ അത് പരിഹരിക്കാനുള്ള സാവകാശം നമുക്ക് ലഭിക്കുന്നു.
വായ്പ്പകൾ
ചില സാഹചര്യങ്ങൾ പൂർത്തീകരിക്കാൻ നമുക്ക് വായ്പ്പകൾ കൂടിയേ തീരു. ശതകോടീശ്വരൻമാർ വരെ വായ്പ എടുക്കുന്നു. പക്ഷേ വരുമാനം മനസിലാക്കി മാത്രം വായ്പ എടുക്കുക. ആഡംബരത്തിനായി ഒരിക്കലും വായ്പ എടുക്കുന്നത് നല്ല ശീലമല്ല. അത്രയ്ക്ക് അത്യാവശ്യമുള്ള സാധനമോ ആഗ്രഹമോ പൂർത്തീകരിക്കാൻ മാത്രം വായ്പ പണം കടം വാങ്ങുമ്പോൾ, അത് കൃത്യസമയത്ത് തിരികെ നൽകുക. എല്ലാ മാസവും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ പൂർണ്ണമായി അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, അത് ഉപയോഗിക്കുന്നത് നിർത്തുക. ക്രെഡിറ്റ് കാർഡുകൾ ഉയർന്ന പലിശ ഈടാക്കും. ഇത് നിങ്ങൾ അവഗണിക്കുകയാണെങ്കിൽ, നിങ്ങൾ എളുപ്പത്തിൽ കടക്കെണിയിൽ വീണേക്കാം.
ചെറിയ ചെറിയ തുകകൾ സമ്പാദ്യമെന്നോണം അരിക്കലത്തിലും കട്ടിലടിയിലും വയ്ക്കുന്നതിന് പകരം നിക്ഷേപശീലം വളർത്തുക. എത്ര ചെറിയ തുകയായാലും നല്ല പലിശ ലഭിക്കുന്ന ഒട്ടേറെ പദ്ധതികൾ പോസ്‌റ്റോഫീസിലും മറ്റും ലഭ്യമാണ്. ഓരോന്നിന്റെയും കാലാവധി,പലിശനിരക്ക് എന്നിവ നോക്കി മിച്ചത് തിരഞ്ഞെടുത്ത് നിക്ഷേപം ആരംഭിക്കാം. നൂറ് രൂപ പലിശ ലഭിച്ചാൽ അത്രയും ആയില്ലേ എന്ന് ചിന്തിക്കുക.
സമ്പന്നനാണെന്ന് നടിക്കുന്ന ശീലം യുവതലമുറയിൽ വളരെ സാധാരണമാണ്. പണക്കാരനായിരിക്കുന്നതും മറ്റുള്ളവർക്ക് മുന്നിൽ സമ്പന്നനായി നടിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സമ്പന്നരാണെന്ന് കാണിക്കാൻ ആളുകൾ വിലകൂടിയ മദ്യം ഉപയോഗിക്കുന്നു. എല്ലാം ബ്രാൻഡഡ് ആയ വസ്തുക്കൾ തന്നെ ഉപയോഗിക്കുന്നു. വലിയ റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുന്നു. ഷോപ്പിംഗിനായി ധാരാളം പണം അനാവശ്യമായി ചെലവഴിക്കുന്നു. ഇത്തരത്തിൽ, പണക്കാരനായി നടിക്കുന്ന ശീലം പലർക്കും സാമ്പത്തികമായി ആപത്ത് വിളിച്ചുവരുത്തും.
കുടുംബത്തിലെ എല്ലാവരെയും വരവ് ചിലവുകൾ കൃത്യമായി ബോധ്യപ്പെടുത്തുക. വീട്ടിലെ വരുമാനവും ചെലവും അറിഞ്ഞാൽ തന്നെ താനെ അനാവശ്യ ചെലവുകൾ കുടുംബാംഗങ്ങൾ നിർത്തിവയ്ക്കും. സമ്പാദിക്കാൻ പ്രായമോ ലിംഗമോ ഒരു വിഷയമല്ല മനസുണ്ടായാൽ മതി. ചെറിയ ചെറിയ ജോലികൾ ചെയ്തുണ്ടാക്കുന്ന പണത്തിന്റെ മൂല്യം ഒട്ടും കുറയുന്നില്ല.. പലതുള്ളി പെരുവെള്ളം എന്നാണല്ലോ. പ്രായപൂർത്തിയായ എല്ലാവരും ജോലി ചെയ്ത് ചെറിയ തുകയെങ്കിലും സമ്പാദിക്കുന്ന ശീലമുള്ളവരായി മാറുക. അവനവന്റെ ചെറിയ ചിലവ് സ്വയം നോക്കിനടത്താനായാൽ അത്രയും നല്ലത്.
സാധാരണക്കാർ വളരെ വൈകിയാണ് നിക്ഷേപം തുടങ്ങുന്നത്.ഇവിടെയാണ് മിക്ക ആളുകൾക്കും തെറ്റ് പറ്റുന്നത്. ഉദാഹരണത്തിന്, ഒരു യുവാവ് 25 വയസ്സിൽ ഒരു മ്യൂച്വൽ ഫണ്ടിൽ എല്ലാ മാസവും 100 രൂപ നിക്ഷേപിക്കുന്നുവെങ്കിൽ, വിരമിക്കുമ്പോൾ അയാൾക്ക് ഒരു കോടി രൂപയുടെ ഫണ്ട് ഉണ്ടായിരിക്കും.
മാസവരുമാനത്തിന്റെ 60 ശതമാനം കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കും 30 ശതമാനം നിങ്ങളുടെ ആവശ്യങ്ങൾക്കും ബാക്കി 10 ശതമാനം നിഷ്‌ക്രിയ വരുമാനം നേടാൻ കഴിയുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കണമെന്നതാണ് ഒരു പൊതു നിയമം
Discussion about this post