തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന മോദി പൂന്തുറയിലെത്തി ദുരിതബാധിതരെ കാണും. സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാജ്ഭവനില്‍ ഉദ്യോഗസ്ഥരുമായും, ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ഒതുക്കാനായിരുന്നു സര്‍ക്കാര്‍ നീക്കമുണ്ടായിരുന്നതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രിയെ തടഞ്ഞ സ്ഥലത്ത് പ്രധാനമന്ത്രി പോകുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യും എന്നതും, മുഖ്യമന്ത്രിയെ തടഞ്ഞ കാര്യവും ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ വിഴിഞ്ഞം സന്ദര്‍ശിക്കുന്നത് തടയാനും ഇതേ തന്ത്രം പയറ്റിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ് വരവിന്റെ പ്രഥമ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതോടെയാണ് സംസ്ഥാന നീക്കം പാളിയത്. കേരളത്തിലെത്തിയാല്‍ ഒരു കാരണവശാലും തീരദേശ സന്ദര്‍ശനം ഒഴിവാക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയില്‍ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച പൂന്തുറ സന്ദര്‍ശിക്കുമെന്ന ഉറപ്പ് നല്‍കി.
അതേസമയം രാജ് ഭവനിലെ അവലോകന യോഗവും മാറ്റി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരിക്കും ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷക പ്രതിനിധി സംഘങ്ങള്‍ മുതലായവര്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ച. രാജ്ഭവനില്‍ യോഗം ചേര്‍ന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഉള്ളതിനാലാണിത്.
ഇന്ന് 2.10 ന് ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ആദ്യം പോകുന്നത് കന്യാകുമാരിക്കാണ്. 4.40 ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി പൂന്തുറ സെന്റ് തോമസ് സ്‌ക്കൂളില്‍ ദുരിതബാധിതരെ കാണും. തുടര്‍ന്ന്് തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച. ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിക്കും. 6.15ന് ദല്‍ഹിക്കു മടങ്ങും.
Discussion about this post