ഡല്‍ഹി: പെട്രോളിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ബാധകമാക്കാമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിന് സംസ്ഥാനങ്ങളുടെ പിന്തുണയും സമവായവും മാത്രം മതി. കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ല. പ്രത്യേക നിയമ നിര്‍മ്മാണം വേണ്ടെന്നും ജെയ്റ്റ്‌ലി രാജ്യസഭയില്‍ വിശദീകരിച്ചു. ടിഡിപി എംപി: ദേവേന്ദ്ര ഗൗഡിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജെയ്റ്റ്‌ലി.
”പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും അംഗീകരിച്ച ഭരണഘടനാ ഭേദഗതി പ്രകാരം പെട്രോളിയവും പെട്രോളിയം ഉല്‍പ്പന്നങ്ങളും ജിഎസ്ടിയുടെ പരിധിയിലാണ്. പക്ഷേ ഈ നികുതി സംവിധാനം നിലവില്‍ വരണമെങ്കില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്ത് അംഗീകരിക്കണം. അല്ലാതെ നിയമ ഭേദഗതിയൊന്നും ആവശ്യമില്ല” ജെയ്റ്റ്‌ലി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ ജിഎസ്ടി ബില്ലില്‍ പെട്രോളിനേയും പെട്രോളിയം ഉല്‍പ്പന്നങ്ങളേയും നികുതി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ ജിഎസ്ടി പെട്രോളിനും ബാധകമാക്കാമെന്ന് തീരുമാനിച്ചത് എന്‍ഡിഎ സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post