തിരുവനന്തപുരം: പെന്ഷന് വിതരണത്തിന് ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി രണ്ട് ഡിപ്പോകള്‍ പണയം വച്ചു. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ചത്. വായ്പയായി ലഭിച്ച 50 കോടി രൂപകൊണ്ട് ഒരു മാസത്തെ പെന്ഷന് വിതരണം ചെയ്തു.
വ്യാഴാഴ്ചയാണ് കൊല്ലം സഹകരണ ബാങ്കില്‍നിന്നുള്ള വായ്പ കെ.എസ്.ആര്.ടി.സിക്ക് ലഭിച്ചത്. 12 ശതമാനമാണ് പലിശ. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വായ്പ എടുത്തതെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറഞ്ഞു. ശമ്പളത്തിനും പെന്‍ഷനുമായി ഇതുവരെ 1,300 കോടി രൂപയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കെ.എസ്.ആര്.ടി.സി വായ്പയായി എടുത്തിട്ടുള്ളത്.
ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാലുള്ള സാമ്പത്തിക പ്രതിസന്ധി വേറെ. ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുകയാണെങ്കില്‍ തിരിച്ചടവ് തുകയില്‍ ഒരു മാസം 60 കോടിരൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കാമെന്നേറ്റിരിക്കുന്ന 3,000 കോടി രൂപയിലാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.
Discussion about this post