ആറന്മുള: ആറന്മുളവിമാനത്താവളപദ്ധതി നടപ്പിലാവാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ചിലരുടെ ഭാവനാ സൃഷ്ടിയാണെന്ന് ആറന്മുള പൈതൃക കര്‍മ്മ സമിതി വ്യക്തമാക്കി. ആറന്മുളയിലേത് കെജിഎസ്സിന്റെ സ്വപ്ന പദ്ധതി മാത്രമാണെന്നും സമിതി അദ്ധ്യക്ഷന്‍ പി. ഇന്ദുചൂഡനും ജന.കണ്‍വീനര്‍ പി.ആര്‍ ഷാജിയും പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഏതൊരു കമ്പിനിയ്ക്കും അവകാശമുണ്ട്. കെജിഎസ്സ് സമര്‍പ്പിച്ച അപേക്ഷ ഏപ്രില്‍ 22ന് പരിഗണിക്കാന്‍ ഇരിക്കുന്നതേയുള്ളൂ അതിനിടയിലാണ് അനുവാദം കിട്ടാന്‍ പോകുന്നു എന്നപ്രചാരണം ബോധപൂര്‍വ്വം നടത്തുന്നത്.
സുപ്രീം കോടതിയുടെ ഗ്രീന്‍ ബെഞ്ചും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അനുമതി നിഷേധിച്ച പദ്ധതി എങ്ങിനെ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേയില്‍ പെട്ടു എന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം സിവില്‍ ഏവിയേഷന്‍ വകുപ്പിനോട് വിശദീകരണം ചോദിക്കുകയും ചെയ്തതാണ്. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അദ്ധ്യായമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ശ്രീവാസ്തവ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പിലാവില്ലെന്നുള്ള സാഹചര്യത്തിലാണ് ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തിന്റ നീളം കുറയ്‌ക്കേണ്ടിവരും എന്ന വിഷയത്തില്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചിട്ടുള്ളത്.
പുലി വരുന്നേ… എന്നു പറഞ്ഞ് ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാനുള്ള ശ്രമമാണ് കെജിഎസ്സും കൂട്ടരും നടപ്പിലാക്കുന്നതെന്നും സമിതി ആരോപിച്ചു്.
വിമാനത്താവള വിരുദ്ധ സമരം എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കിയുള്ള സമരമല്ല. ആറന്മുളക്കാരും പരിസ്ഥിതിയേയും പൈതൃകത്തെയും സ്‌നേഹിക്കുന്ന മുഴുവന്‍ കേരളീയ സമൂഹവും ചേര്‍ന്ന് നടത്തുന്ന സമരമാണ്. അതില്‍ നിന്നും സമരസമിതി ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ തന്നെ ഉള്ളപ്പോള്‍ ആറന്മുളയുടെ പൈതൃകത്തെയും ക്ഷേത്രസംസ്‌കൃതിയെയും തകര്‍ത്തുകൊണ്ട് ആറന്മുളയില്‍ തന്നെ പണിയണമെന്ന ചിലരുടെ ദുര്‍വാശിക്കെതിരെയാണ് സമരം. കെജിഎസ്സിന്റെ അപേക്ഷ അനുവദിക്കപ്പെട്ടാല്‍ ശക്തമായ ജനകീയ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post