മുന്നാക്ക സമുദായങ്ങള്‍ക്ക് സാമ്പത്തികസംവരണം പ്രഖ്യാപിച്ചത് തിരുത്തണമെന്ന് നീലലോഹിതദാസന്‍ നാടാര്‍.ദേവസ്വംബോര്‍ഡിലെ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ തര്‍ക്കം. മുന്നാക്ക സമുദായങ്ങള്‍ക്ക് പത്തുശതമാനം സാമ്പത്തികസംവരണം പ്രഖ്യാപിച്ചത് തെറ്റാണെന്നും ഇത് തിരുത്തണമെന്നും ജനതാദള്‍ എസ് ആവശ്യപ്പെട്ടതായാണ് സൂചന. സംവരണ തീരുമാനംവഴി ഇടതുമുന്നണി സര്‍ക്കാര്‍ സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്നും ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറി എ.നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. ഒരു മലയാളം വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നീലലോഹിതദാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ദേവസ്വംബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മുന്നാക്ക സമുദായങ്ങളിലുള്ള സാമ്പത്തികമായി പിന്നാക്കംനില്ക്കുന്നവര്ക്ക് പത്തുശതമാനം സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്നണിയില്‍ നിന്ന് പരസ്യമായ എതിര്‍ശബ്ദം ഉയരുന്നത് ഇതാദ്യം. ഇക്കാര്യം പ്രകടനപത്രികയില്‍ പോലും ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു എന്ന് നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. ജാഗ്രത കാണിക്കേണ്ടവര്‍ കാണിച്ചില്ല. ഭരണഘടനഭേദഗതി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. മുന്നാക്ക സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണിത്. സര്‍ക്കാരിന്റെ പല തീരുമാനങ്ങളും തിരുത്താന്‍ ഇടപെട്ട സി.പി.ഐയും സംവരണ കാര്യത്തില്‍ അനുകൂലിച്ച സാഹചര്യത്തിലാണ് ജെ.ഡി.എസിന്റെ എതിര്‍പ്പ്.
Discussion about this post