ഡല്‍ഹി: അമേരിക്കയുടെ ശക്തമായ പാക്ക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ. 15 വര്‍ഷത്തിനിടെ 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നല്‍കിയിട്ടും പാക്കിസ്ഥാനില്‍ നിന്നു യുഎസിനു തിരികെ ലഭിച്ചതു നുണയും വഞ്ചനയുമാണെന്നും ഇനിയിത് തുടരാനാവില്ലെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത് ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.
‘ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് വലിയ പങ്കുണ്ട് എന്ന നമ്മുടെ നിലപാടിനെ സാധൂകരിക്കുന്നതാണ് അമേരിക്കയുടെ തീരുമാനം. ട്രംപ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണ്. ഭീകരവാദം ആത്യന്തികമായി ഭീകരവാദം തന്നെയാണ്. ഭീകരര്‍ എന്തൊക്കെപ്പറഞ്ഞാലും ഭീകരരുമാണ്. ഭീകരത ഏതെങ്കിലുമൊരു സമുദായത്തെയോ രാജ്യത്തെയോ ഒഴിവാക്കുന്നില്ല’ പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള പാര്‍ലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
2018-ലെ ആദ്യ ട്വീറ്റിലാണ് പാക്കിസ്ഥാനെതിരെ അതിശക്തമായ ഭാഷയില്‍ ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം നല്‍കിയിട്ടും പാക്കിസ്ഥാന്‍ നുണയും വഞ്ചനയും തുടര്‍ന്നെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ അമേരിക്കയെ സമാധാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നടപടി തുടങ്ങി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ ത്വയിബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന രണ്ടു ജീവകാരുണ്യ സംഘടനകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കും. എന്നാല്‍, ചെപ്പടിവിദ്യകള്‍ ഇനി വേണ്ടെന്നാണ് സാമ്പത്തിക സഹായം റദ്ദാക്കിയതിലൂടെ അമേരിക്ക വ്യക്തമാക്കിയത്.
യുഎസ് ഒരു കോടി ഡോളര്‍ തലയ്ക്കു വിലയിട്ടിട്ടുള്ള ആഗോള ഭീകരനായ സയീദിനെതിരെ പാക്ക് ഭരണകൂടം നടപടിയെടുക്കണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. 166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സയീദിന്റെ വിവിധ സന്നദ്ധ സംഘടനകള്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, സെമിനാരികള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ നടത്തുന്നുണ്ട്. ജെയുഡി, എഫ്‌ഐഎഫ് എന്നിവയില്‍ മാത്രം 50,000 സന്നദ്ധ പ്രവര്‍ത്തകരും നൂറുകണക്കിനു ജീവനക്കാരുമുണ്ട്. യുഎസ് നടപടി സയീദിനെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.
ട്രംപ് അധികാരമേറ്റതു മുതല്‍ പാക്കിസ്ഥാന് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത താവളമാണെന്നും മേഖലയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സഹകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഓഗസ്റ്റില്‍ പുതിയ ദക്ഷിണേഷ്യാ നയം പ്രഖ്യാപിച്ചപ്പോള്‍ ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ക്രിസ്മസിനു തൊട്ടുമുന്‍പ് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഇന്ത്യയ്‌ക്കെതിരെ ഭീകരരെ ഒരുക്കിവിടുന്നതില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ചു.
Discussion about this post