കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്ഷന് ഉള്‍പ്പെടെയുള്ള കൂടുതല്‍ ബാധ്യത ഇനിയും ഏറ്റെടുക്കാനാവില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷ വിരുദ്ധമാണെന്നും സത്യവാങ്മൂലം തിരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ സംഘടനയായ എഐടിയുസി ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള ശക്തമായ നടപടികളുണ്ടാകണമെന്നും മറിച്ചായാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി എഐടിയുസി മുന്നോട്ടിറങ്ങുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും സര്‍ക്കാര്‍ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ട്.
നിരവധി തവണ കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും കഴിവിന്റെ പരമാവധി സഹായിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പെന്ഷന് വിതരണത്തില്‍ സര്‍ക്കാരിനു നേരിട്ടു ബാധ്യതയില്ലെങ്കില്പോലും കോര്‍പറേഷനു പരമാവധി പിന്തുണ നല്‍കിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. മാലതി നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. പെന്ഷന് നല്കാന് നിയമപരമായ ബാധ്യത ഇല്ലാതിരുന്നിട്ടും 1984 മുതല്‍ കെഎസ്ആര്‍ടിസി പെന്ഷന് നല്കുന്നു. ദൈനംദിന ചെലവുകള്‍ക്കു പുറമേ പെന്ഷന് നല്‍കാനുള്ള തുക കണ്ടെത്താന്‍ കോര്‍പറേഷനു കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണു പെന്ഷന് നല്‍കുന്നതെന്നും ഇതിന്റെ ബാധ്യതയില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കെഎസ്ആര്‍ടിസിയും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസിയിലെ പെന്ഷന് വിതരണം മുടങ്ങിയതിനെതിരേ ട്രാന്‍സ്പോര്‍ട്ട് റിട്ടയേര്‍ഡ് ഓഫീസേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണു സര്‍ക്കാരും കെഎസ്ആര്‍ടിസിയും തമ്മില്‍ പരസ്പരം പഴിചാരി സത്യവാങ്മൂലം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസിയുടെ ബാധ്യത ഇനി താങ്ങാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
Discussion about this post