
ചരിത്രമറിയാത്ത നായകര്‍
[bs-quote quote=”കാവി കണ്ടുകൂടാത്ത നായകന്മാരോട് ഉത്തരം തേടേണ്ടതും ഉത്തരം പറയിപ്പിക്കേണ്ടതും ഹിന്ദുക്കളായിട്ടുള്ള നായര്‍ സമുദായാംഗങ്ങളാണ്. അത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ് . ഐഎസും മതഭീകരവാദ പ്രസ്ഥാനങ്ങളും കേരളത്തെ വരുതിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും.” style=”style-8″ align=”right” author_name=”വായുജിത്ത്” author_job=”മാധ്യമപ്രവര്ത്തകന് ” author_avatar=”https://braveindianews.com/wp-content/uploads/2018/01/Vayujith-web.png”][/bs-quote]
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന പി കെ നാരായണപ്പണിക്കര്‍ അന്തരിച്ച സമയത്ത് അനുശോചനമര്പ്പിക്കുന്നതിനിടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പറഞ്ഞ ഒരു രാഷ്ട്രീയ പരാമര്‍ശമുണ്ട് . സംഘപരിവാറിനെ അടുപ്പിക്കാത്ത നേതാവായിരുന്നു ശ്രീ നാരായണപ്പണിക്കരെന്ന് . ഒരു മരണത്തില്‍ അനുശോചിച്ചു കൊണ്ടുള്ള സന്ദേശത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തിയ പിണറായി വിജയനെ നമുക്ക് തത്കാലം വെറുതെ വിടാം . അതദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് .
എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ് . സംഘപരിവാറിനെ അകറ്റി നിര്‍ത്തിയ നേതാവെന്ന വിശേഷണം എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ആള്‍ക്ക് ലഭിക്കുമ്പോള്‍ അവിടെ ചോദ്യം ചെയ്യപ്പെടുന്നത് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന മന്നത്ത് പദ്മനാഭന്റെ പാരമ്പര്യമാണ് . രാഷ്ട്രീയ സ്വയംസേവക സംഘത്തോടും അതിന്റെ ദ്വിതീയ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്വല്ക്കറോടും അദ്ദേഹം പുലര്‍ത്തിയ മമത ബന്ധമാണ് .ആര്.എസ്.എസ് ഏറ്റെടുത്ത് വിജയിപ്പിച്ച വിവേകാന്ദ ശിലാസ്മാരകത്തിന്റെ നിര്‍മ്മാണത്തിന്റെ നേതൃസ്ഥാനം സന്തോഷത്തോടെ ഏറ്റെടുത്ത മന്നത്തിന്റെ ആത്മാര്‍ത്ഥതയാണ്.
മന്നത്തിന്റെ ഹിന്ദു സംഘടനകളുമായുള്ള ബന്ധം സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ തുടങ്ങിയതാണ് . പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് രജത ജൂബിലി ആഘോഷ വേളയില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വീര സവര്‍ക്കറായിരുന്നു മുഖ്യാതിഥി. അദ്ദേഹത്തെ ചെങ്കോട്ട മുതല്‍ ചങ്ങനാശ്ശേരി വരെ വഴിയില്‍ സ്വീകരണം നല്കി ആനയിക്കുകയും ചെയ്തെന്ന് 1940 മെയ് 4 ന്റെ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുമതമഹാമണ്ഡലത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് 1950 മെയ് 12 മുതല്‍ 18 വരെ കൊല്ലത്ത് നടന്ന അതിഗംഭീരമായ ഹിന്ദുമഹാസമ്മേളനത്തില്‍ സന്നദ്ധ ഭടന്മാരായി അന്ന് കൊല്ലത്ത് പ്രചാരകനായിരുന്ന പി പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സംഘ സ്വയംസേവകരും പങ്കെടുത്തിരുന്നു.
1957 ല്‍ ഗുരുജി പങ്കെടുത്ത എറണാകുളം പൊതുപരിപാടിയില്‍ അദ്ധ്യക്ഷനായിരുന്നത് മന്നമായിരുന്നു. ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആര്.എസ്.എസാണെന്ന് അസന്നിഗ്ദ്ധമായി സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ആര്.എസ്.എസിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ സ്മാരകം നിര്‍മ്മിക്കാനുണ്ടാക്കിയ വിവേകാനന്ദശിലാ സ്മാരക സമിതിയുടെ അദ്ധ്യക്ഷനും മറ്റൊരാളായിരുന്നില്ല . സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കാനുള്ള സംഘത്തിന്റെ അഭ്യര്‍ത്ഥനയെ സന്തോഷത്തോടെ സ്വീകരിച്ചു അദ്ദേഹം.ചെന്നൈ മറീന ബീച്ചില്‍ ചിന്മയാനന്ദ സ്വാമികള്‍ക്കൊപ്പം ഗുരുജിയുടെ സാന്നിദ്ധ്യത്തില്‍ പൊതുസമ്മേളനത്തെ അഭിസംബോധനയും ചെയ്തു.
വിവേകാനന്ദപ്പാറ ക്രിസ്ത്യന്‍ സംഘടിത ശക്തികള്‍ കയ്യേറി കുരിശുനാട്ടാന് തുടങ്ങിയ ഘട്ടത്തിലാണ് വിവേകാനന്ദ സ്മാരക ശിലാസമിതിയുമായി സംഘം മുന്നോട്ടു വരുന്നതും മന്നത്ത് പദ്മനാഭന് അതിന്റെ അദ്ധ്യക്ഷനാകുന്നതും . എന്നാൽ മന്നത്തിന്റെ കസേരയിൽ പിന്നെ കയറിയിരുന്നവർ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ മന്നം സമാധി സന്ദർശിക്കാൻ അനുവദിച്ചില്ല എന്ന അൽപ്പത്തവും ചെയ്തു.
മന്നം മാത്രമല്ല അക്കാലത്തെ മറ്റ് എന്‍.എസ്.എസ് നേതാക്കള്‍ക്കും സംഘത്തോട് അടുത്ത ബന്ധമുണ്ടായിരുന്നു . തിരുവനന്തപുരത്ത് പ്രചാരകായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ എം.എസ്.സി ബിരുദധാരിയാണെന്നറിഞ്ഞപ്പോള് അദ്ദേഹത്തെ എം.ജി കോളേജിലേക്ക് ലക്ചററായി ക്ഷണിച്ചത് അന്നത്തെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന മക്കപ്പുഴ വാസുദേവന്‍ പിള്ളയായിരുന്നു . സംഘത്തിന്റെ പ്രചാരക സങ്കല്‍പ്പം മക്കപ്പുഴയ്ക്ക് വിശദീകരിച്ച് കൊടുത്ത ദത്താജി, വാഗ്ദാനം സ്നേഹപൂര്‍വ്വം നിരസിച്ചു . ജനസംഘത്തിന്റെ നേതാവും ആര്.എസ്.എസ് പ്രചാരകനുമായ ദീനദയാല്‍ ഉപാദ്ധ്യായയെ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹിന്ദുമത കണ്‍വെന്‍ഷനില്‍ പ്രഭാഷണത്തിനു വിളിച്ചതും മക്കപ്പുഴ തന്നെ . 1964 ല്‍ സംഘത്തിന്റെ കേരള സംസ്ഥാന ഘടകം ആദ്യമായി രൂപീകരിക്കപ്പെട്ടപ്പോള്‍ പ്രാന്തസംഘചാലകായത് മുന്‍ എന്‍.എസ്.എസ് പ്രസിഡന്റ് എന്‍ . ഗോവിന്ദമേനോന് ആയിരുന്നു.
എന്നാല്‍ മന്നത്തിന് ശേഷം തുടര്‍ന്നിങ്ങോട്ട് ഇടത് വലതു മുന്നണികളുടെ ആജ്ഞാനുവര്‍ത്തികളായി മാറി മാറി നിന്ന് സംഘടിത മതശക്തികള്ക്കൊപ്പം നിന്ന് ഹിന്ദു ഐക്യത്തെ തുരങ്കം വയ്ക്കുന്ന സംഘടനയായി എന്‍.എസ്.എസ് നേതൃത്വം മാറി. ഹിന്ദുത്വം അഭിമാനമായി കരുതുയിരുന്നവരില് നിന്ന് കാവി പുതപ്പിക്കാന്‍ ആരോ വരുന്നുവെന്ന രീതിയില്‍ ധാര്‍ഷ്ട്യത്തിന്റെ വാചാടോപങ്ങള്‍ മുഴക്കുന്നവരിലേക്ക് നേതൃത്വമെത്തി.എന്നാല്‍ ഭൗതികമോ ആത്മീയമോ ആയ യാതൊരു ഉയര്‍ച്ചയും സമുദായത്തിനോ ഹിന്ദു സമൂഹത്തിനോ നല്കാന് ഇക്കൂട്ടര്‍ക്കായതുമില്ല.
1950 ല്‍ ശബരിമല ക്ഷേത്രം തീവെച്ചു നശിപ്പിച്ചതില്‍ മന്നവും അന്നുള്ള എന്‍.എസ്.എസും ദുഖിതരായെങ്കില് 1983 ല്‍ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ പൂങ്കാവനത്തില്‍ അനധികൃതമായി പള്ളി പണിയാനുള്ള നീക്കത്തെ എന്‍.എസ്.എസുകാര്‍ കണ്ടില്ലെന്ന് നടിച്ചുവെന്നു മാത്രമല്ല പിന്നില്‍ നിന്ന് കുത്തുകയും ചെയ്തു. കാലങ്ങള്‍ക്കിപ്പുറം ചങ്ങനാശ്ശേരി ഹിന്ദു കോളേജില്‍ എബിവിപി ഭരിക്കുന്ന യൂണിയന് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാലിനെ ക്ഷണിച്ചപ്പോള്‍ പരിപാടി നടക്കാതിരിക്കാന്‍ കോളേജിന് അവധി കൊടുക്കാന്‍ ആജ്ഞ നല്കിയ നായരാണ് ഇന്ന് മന്നമിരുന്ന കസേരയിലിരിക്കുന്നത്.
‘ഇദം ന മമ’യെന്ന് ചിന്തിച്ച് ജീവിതം സമര്‍പ്പിച്ച, എഴുതിയ പുസ്തകത്തിന്റെ അവകാശം പോലും പ്രസ്ഥാനത്തിന് നല്കിയ മഹാനുഭാവനോട് മകള്‍ക്ക് പ്രൊ വിസി സ്ഥാനം നേടാന്‍ കാലുപിടിച്ചയാളെ താരതമ്യപ്പെടുത്തുന്നത് അല്ലെങ്കില്‍ തന്നെ മഹാപരാധമാണ് താനും. പാരമ്പര്യത്തെയും പൈതൃകത്തെയും മറന്ന് വേരുകളില്‍ നിന്ന് വേര്‍പെട്ട് വ്യക്തിഗത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉദരംഭരികളായി ജീവിക്കുന്ന തറവാടിത്ത ഘോഷക്കാരുടെ കെടുകാര്യസ്ഥതയില്‍ ഉഴറുകയാണ് സമുദായവും സംഘടനയും . വിദ്യാഭ്യാസ രംഗത്തോ , വ്യവസായ രംഗത്തോ ഉന്നതിയും നേടാനാകാതെ ആരെങ്കിലുമൊക്കെ എറിഞ്ഞു തരുന്ന അപ്പക്കഷണങ്ങളില്‍ മാത്രം ദൃഷ്ടിപതിപ്പിച്ച് ദീര്ഘവീക്ഷണമില്ലായ്മയുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി സമയം പോക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് സംഘടനയുടെ ചരിത്രമെങ്കിലും ഇടയ്ക്കൊന്ന് മറിച്ചു നോക്കുന്നത് നന്നായിരിക്കും. ഹിന്ദു സന്യാസിയെ വിളിക്കാന്‍ പറ്റാതെ മതാതീതമായ ഇപ്പോഴത്തെ എന്‍.എസ്.എസുകാര്‍ പണ്ട് ചിത്രമെഴുത്തുവര്ഗീസിന്റെ പഞ്ചകല്യാണിക്ക് മന്നമെഴുതിയ നിരൂപണമെങ്കിലും നോക്കേണ്ടതാണ്.
‘സനാതനമായ ഹൈന്ദവധര്‍മ്മം ജാതിയെയോ ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ച നീചത്വങ്ങളെയോ അംഗീകരിക്കുന്നില്ലെന്നും ഹൈന്ദവ മതവിശ്വാസികള്‍ക്കുണ്ടായ സകല അധ:പതനത്തിന്റെയും കാരണം ജാതിവ്യത്യാസമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. പാവനമായ ഹൈന്ദവധര്മ്മത്തെ പുനരുദ്ധരിക്കുന്നതും ഒരു ഹൈന്ദവ ജനതയെ സൃഷ്ടിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും ഒരു ഹിന്ദുവെന്ന നിലയില്‍ എന്റെ സര്‍വ പ്രധാനമായ കര്‍ത്തവ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു’
ഹിന്ദുമതമഹാമണ്ഡലം ഒരു സ്വപ്നമായി അവസാനിച്ചെങ്കിലും ആത്യന്തികമായി എല്ലാം ഹിന്ദുമഹാമണ്ഡലത്തില്‍ ലയിക്കേണ്ടതാണെന്നുള്ള മന്നത്തിന്റെ പ്രസ്താവനയും ഈ പ്രതിജ്ഞയും ഇന്നും പ്രസക്തമാണ്.
മന്നവും സമുദായവും മുന്‍കയ്യെടുത്ത ഹിന്ദുമത മഹാമണ്ഡലത്തിന്റെ പ്രതിജ്ഞയുടെ ആശയവും ആദര്‍ശവും ഏത് സംഘടനയുടെ ആദര്‍ശത്തോടും പ്രവര്‍ത്തന രീതികളോടുമാണ് ചേര്‍ന്ന് നില്‍ക്കുന്നത് ? ഹിന്ദുക്കള്‍ ജാതീയമായി വിഘടിച്ചു നില്‍ക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയ അധികാരത്തിനു നല്ലതെന്ന് അന്നും ഇന്നും എന്നും ചിന്തിക്കുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സംഘങ്ങളോടാണോ ? അതോ അയിത്തം പാപമല്ലെങ്കില്‍ മറ്റൊന്നും പാപമല്ലെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദു സംഘടനകളോടോ ?
കാവി കണ്ടുകൂടാത്ത നായകന്മാരോട് ഉത്തരം തേടേണ്ടതും ഉത്തരം പറയിപ്പിക്കേണ്ടതും ഹിന്ദുക്കളായിട്ടുള്ള നായര്‍ സമുദായാംഗങ്ങളാണ്. അത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ് . ഐഎസും മതഭീകരവാദ പ്രസ്ഥാനങ്ങളും കേരളത്തെ വരുതിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും.
1921 ല്‍ ഏറനാട് വള്ളുവനാട് പ്രദേശങ്ങളിലെ ഹിന്ദുക്കള്‍ ഒരു ഗതിയും പരഗതിയുമില്ലാതെ പലായനം ചെയ്യേണ്ടിവന്ന അവസ്ഥയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന മറ്റൊരു നായര്‍ പറഞ്ഞ കാര്യം നൂറുവര്‍ഷം തികയാന്‍ പോകുന്ന വേളയില്‍ ഒന്നോര്‍മ്മിപ്പിക്കുകയാണ്.
‘നായരും നമ്പൂതിരിയും തീയ്യനും ചെറുമനും യോജിച്ച് ഒരു കെട്ടായി നിന്നിരുന്നുവെങ്കില്‍ അക്രമികളായ ലഹളക്കാരോടു ചെറുത്തു നില്ക്കാന് ചിലയിടങ്ങളിലെങ്കിലും സാധിക്കുമായിരുന്നു.ഈ അസ്പൃശ്യത തുടര്‍ന്നാല്‍ ആപത്തു കാലത്ത് തമ്മില്‍ തമ്മില്‍ യാതൊരു സഹായമോ സഹകരണമോ ഇല്ലാതെ നമ്പൂതിരി നമ്പൂതിരിയുടെ വഴിക്കും നായര്‍ നായരുടെ വഴിക്കും തീയന് തീയ്യന്റെ വഴിക്കും ചെറുമന് ചെറുമന്റെ വഴിക്കും കെട്ടും ഭാണ്ഡവും എടുത്ത് ഒടേണ്ടി വരുമെന്നു മാത്രമല്ല കാലക്രമേണ ഹിന്ദു സമൂഹം നാമാവശേഷമായി തീരുമെന്നു കൂടി ഇവര്‍ ഓര്‍ക്കേണ്ടതാണ്’
( കെ . മാധവന് നായര്‍ മലബാര്‍ കലാപം )
(അവസാനിച്ചു)
മുന്‍ ഭാഗങ്ങള്‍ വായിക്കുക:-
ലേഖന പരമ്പര- രണ്ടാം ഭാഗം
‘കാളാശ്ശേരി ബിഷപ്പും മന്നത്തിന്റെ കായംകുളം വാളും’
ലേഖന പരമ്പര- ഒന്നാം ഭാഗം
അവലംബം-
എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പദ്മനാഭന്
ഭാരത കേസരി മന്നത്ത് പദ്മനാഭന് : ഡോ. എന്‍ സുമതിക്കുട്ടിയമ്മ
സ്മൃതി ദര്‍പ്പണം : എം. പി മന്മഥന്
വിവേകാനന്ദ ശിലാസ്മാരകത്തിന്റെ ഇതിഹാസം
ഗുരുവായൂര്‍ സത്യഗ്രഹം ഇ രാജന്
നായര്‍ സര്‍വീസ് സൊസൈറ്റിസുവര്ണ ഗ്രന്ഥം
വിപത്തിന്റെ കേളികൊട്ട്
Discussion about this post