ലാഹോര്‍:സെക്രട്ടറിതല ചര്‍ച്ച പുനരാരംഭിക്കണെമന്ന് ഇന്ത്യയോട് പാക്കിസ്ഥാന് .ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിവന്നിരുന്ന ചര്‍ച്ച വീണ്ടും ആരംഭിക്കണമെന്നതാണ് പാക്കിസ്ഥാന്റെ ആവശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആവശ്യപ്പെട്ടു.
പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച നടത്തിയപ്പോള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നു പറഞ്ഞിരുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ കഴിഞ്ഞ മാസം പാക്കിസ്ഥാന് സന്ദര്‍ശിച്ചത് ഇതിനുള്ള ശുഭസൂചനയായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.സമാധാനത്തിലാണ് പാക്കിസ്ഥാന് വിശ്വസിക്കുന്നത്. ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം.
ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി സാമ്പത്തികമായും സാമൂഹികമായും നല്ല ബന്ധമാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്ന് 2013 ലെ തിരഞ്ഞെടുപ്പിനുശേഷം നവാസ് ഷരീഫ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ചടങ്ങില്‍ ഷരീഫ് പങ്കെടുത്തതെന്നും സര്‍താജ് പറഞ്ഞു.കഴിഞ്ഞ ഓഗസ്റ്റില്‍ നടക്കാനിരുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. ഇന്ത്യയിലെ പാക്ക് സ്ഥാനപതി കശ്മീരിലെ വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇന്ത്യയുടെ പിന്മാറ്റം.
Discussion about this post