തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ച വിവാദം നിലനില്‍ക്കെ ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പോലീസല്ലെന്ന് വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഹെലികൊപ്റ്റര്‍ യാത്രയക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
അതേസമയം ബെഹ്‌റയുടെ ഈ വിശദീകരണം ശരിയല്ല എന്ന് സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശം വ്യക്തമാക്കുന്നു. ഡിജിപി ആവശ്യപ്പെട്ട പ്രകാരമാണ് പണം അനുവദിക്കുന്നത് എന്നാണ് ഉത്തരവിലുള്ളത്. നേരത്തെ പണം അനുവദിച്ചത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം കളവാണെന്ന് വ്യക്തമായിരുന്നു.
അതേസമയം പണം പിന്‍വലിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയിരുന്നു. പണം വക മാറ്റിയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും അവിടെ നിന്നും സമ്മേളനത്തിലേക്കുമുള്ള യാത്രയ്ക്കുമാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ ഉത്തരവിട്ടത്.
ഡിസംബര്‍ 26ന് നടത്തിയ യാത്രയ്ക്കായി 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപ്പെട്ടത് . എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു. ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.
Discussion about this post