ഓഖി ഫണ്ട് വിനിയോഗം നിരീക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ഫണ്ട് വകമാറ്റിയ സംഭവത്തെ തുടര്‍ന്നാണ് ബിജെപിയുടെ നടപടി.
തൃശൂരിലെ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരികെ പാര്‍ട്ടി സമ്മേളന വേദിയിലേക്കും മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ തുക ഓഖി ഫണ്ടില്‍ നിന്ന് വകമാറ്റിയെന്നായിരുന്നു ആരോപണം. എട്ട് ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കായി ചിലവഴിച്ചത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തുക അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. അന്ന് തിരുവനന്തപുരത്ത് മൂന്ന് മണിക്ക് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയിലും മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നു. തുടര്‍ന്ന് അന്ന് വൈകിട്ട് തന്നെ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന വേദിയിലേക്ക് തിരിച്ചു പോയി.
കഴിഞ്ഞ ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ മുഖ്യമന്ത്രിയുടെ യാത്രാ ചിലവുകള്‍ പൊതുഭരണ വകുപ്പില്‍ നിന്നുമാണ് നല്‍കുന്നത്. എന്നാല്‍ പണം ഓഖി ഫണ്ടില്‍ നിന്ന് ചെലവഴിച്ചത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വാദിക്കുന്നത്.
Discussion about this post