കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ ഏറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. വിചാരണ നടപടിയുടെ ഭാഗമായാണ് പ്രതികള്‍ കോടതിയില്‍ എത്തിയത്. കേസില്‍ 25-ാം പ്രതിയാണ് പി ജയരാജന്‍. കൊലയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നതാണ് ജയരാജനെതിരായ സിബിഐ കുറ്റപത്രം.
മധുസൂദനന്‍, ജിതേഷ്, സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തില്‍ പ്രതികളാണ്. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2014 സെപ്തംബര്‍ 28ന് സിബിഐ കേസ് ഏറ്റെടുത്തു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, യുഎപിഎ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.
പി.ജയരാജനെ പതിനഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് ആദ്യകുറ്റപത്രത്തില്‍ പറയുന്നത്. ജയരാജനെ 2015 ജൂണ്‍ രണ്ടിന് സി.ബി.ഐ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
Discussion about this post