മൂന്നാര്‍: മന്ത്രി എം.എം.മണി കയറിയ ബോട്ടുജെട്ടി ഉദ്ഘാടനചടങ്ങിനിടെ തകര്‍ന്നു വീണു. തലനാരിഴയ്ക്കാണ് മന്ത്രിയും സംഘവും ജലാശയത്തില്‍ വീഴാതെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കുണ്ടള ജലാശയത്തിലാണ് സംഭവം. സഞ്ചാരികള്‍ക്കായി പുതുതായി ആരംഭിച്ച സൗരോര്ജബോട്ടുകളുടെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രി ജലാശയത്തില്‍ താത്കാലികമായുണ്ടാക്കിയ ബോട്ടുജെട്ടിയില്‍ കയറി നാട മുറിക്കുന്നതിനിടെയാണ് സംഭവം.
പലക തകര്‍ന്ന് വെള്ളത്തിലേക്ക് വീഴാനൊരുങ്ങിയ മന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങിയെടുത്ത് കരക്കെത്തിച്ചു. മന്ത്രിക്കൊപ്പം കൂടുതല്‍പേര്‍ കയറിയതിനെ തുടര്‍ന്നാണ് ബോട്ടുജെട്ടി തകര്‍ന്നത്. ഈ സമയം മന്ത്രി മുട്ടുവരെ വെള്ളത്തില്‍ താഴ്ന്നു. പിന്നീട് മറ്റൊരിടത്ത് സോളാര്‍ ബോട്ട് എത്തിച്ച് ഉദ്ഘാടനം നടത്തി. ഇതിനുശേഷം ബോട്ടില്‍ ജലാശയത്തിലൂടെ യാത്ര നടത്തിയാണ് മന്ത്രി മടങ്ങിയത്.
Discussion about this post