ചെന്നൈ : കന്യാകുമാരിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് അപകടം നടന്നത്. സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിൽ എത്തിയിരുന്ന 5 മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നുമാണ് ഈ വിദ്യാർത്ഥികൾ കന്യാകുമാരിയിൽ എത്തിയിരുന്നത്.
കള്ളക്കടൽ പ്രതിഭാസം നടക്കുന്നതിനാൽ കേരളത്തിന്റെ തെക്കൻ തീരത്തും തമിഴ്നാട് തീരത്തും കടൽ പ്രക്ഷുബ്ധം ആകാനും ഉയർന്ന തിരമാലകൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്ന് നേരത്തെ തന്നെ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം അറിയാതെയോ അവഗണിച്ചോ ആണ് മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ കുളിക്കാനായി ഇറങ്ങിയത് എന്നാണ് സൂചന. സർവദർശിത് (23) പ്രവീൺ സാം ( 23) ഗായത്രി (25) വെങ്കിടേഷ് (24) ചാരുകവി(23) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Discussion about this post