ജയ്പുര്‍: കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം നടന്നെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു. ഭരത്പുരിലെ നീറ്റ് പരീക്ഷാകേന്ദ്രമായ ‘മാസ്റ്റര്‍ ആദിയേന്ദ്ര സ്‌കൂളി’ല്‍നിന്നാണ് ആള്‍മാറാട്ടം നടത്തിയവരെ പോലീസ് പിടികൂടിയത്. രാഹുല്‍ ഗുര്‍ജാര്‍ എന്നയാൾക്ക് പകരം അഭിഷേക് ഗുപ്തയെന്ന എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് നീറ്റ് പരീക്ഷയ്ക്ക് ഹാജരായിരുന്നത്. പരീക്ഷാകേന്ദ്രത്തില്‍ അഭിഷേകിനെ കണ്ട ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതോടെ വിശദമായ പരിശോധന നടത്തുകയും ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു.
സർക്കാർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയായ അഭിഷേക് ഗുപ്ത, തന്‍റെ സഹപാഠിയായ രവി മീണ നടത്തുന്ന റാക്കറ്റിന്‍റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാഹുൽ ഗുർജർ എന്ന വിദ്യാർത്ഥിക്കായി പരീക്ഷ എഴുതാൻ 10 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. രാഹുൽ ഗുർജറെന്ന വ്യാജേനയാണ് അഭിഷേക് പരീക്ഷ എഴുതാൻ എത്തിയത്.
പരീക്ഷാ കേന്ദ്രമായ ആദിത്യേന്ദ്ര സ്‌കൂളിന് പുറത്ത് കാറിൽ ഇരിക്കുകയായിരുന്നു മറ്റ് അഞ്ച് പേരും. അഭിഷേക് ഗുപ്ത, രവി മീണ, രാഹുൽ ഗുർജർ എന്നിവരെ കൂടാതെ അമിത്, ദയാറാം, സൂരജ് സിംഗ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. എല്ലാ പ്രതികളെയും ചോദ്യംചെയ്തു കൊണ്ടിരിക്കുകയാണെന്ന് എഎസ്പി പറഞ്ഞു.
Discussion about this post