രാജസ്ഥാനിലും ബംഗാളിലും ബിജെപിയ്ക്ക് ഏറ്റത് സാധാരണ ഗതിയില്‍ സിപിഎമ്മിന് ഏറെ ആഘോഷത്തിനുള്ള വകയാണ്. സോഷ്യല്‍ മീഡിയകളിലും, മാധ്യമങ്ങളിലും ബിജെപിക്കാരെ എതിരിടാന്‍ പറ്റിയ ആയുധം. എന്നാല്‍ ഈ ആവേശമൊന്നും ഇന്നലെ അണികള്‍ പുറത്ത് എടുത്തില്ല. ഇതിനിടയില്‍ കോണ്‍ഗ്രസ് വിജയവാര്‍ത്ത നല്കിയ സിപിഎം പാര്‍ട്ടി മാധ്യമമായ കൈരളി ബിജെപി പതാകകള്‍ ചിത്രമായി നല്‍കിയത് ചര്‍ച്ചയാവുകയും ചെയ്തു.
അടുത്ത് കേരളത്തില്‍ നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎം ആഘോഷമാക്കത്തതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. രാജസ്ഥാനില്‍ രണ്ട് നിയമസഭ സീറ്റുകളിലും, ഒരു ലോകസഭ സീറ്റിലും കോണ്‍ഗ്രസ് മികച്ച മാര്‍ജിനിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് വിജയം കേരളത്തില്‍ ചര്‍ച്ചയായാല്‍ അത് ചെങ്ങന്നൂരില്‍ പ്രതിഫലിക്കുമോ എന്നാണ് ആശങ്ക. ബംഗാളിലാകട്ടെ തെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും ബിജെപിക്ക് പിന്നില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.
ബിജെപിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തമാകുന്നു എന്നത് സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഏറെ നിര്‍ണായകമായിരുന്നു രാജസ്ഥാനിലേത്. ഇവിടെ കോണ്‍ഗ്രസ് മുന്നേറിയത് ബിജെപിക്കെതിരായ ദേശീയ ബദല്‍ കോണ്‍ഗ്രസാണെന്ന പ്രചരണം ശക്തിപ്പെടുത്തും. ഇത് ബിജെപി വിരുദ്ധരായ ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസിലേക്ക് എത്തിക്കുമെന്നാണ് സിപിഎമ്മിന്റെ മൗനത്തിന് പിന്നില്‍.
ശക്തമായ ത്രികോണ മത്സരം നടക്കാനിടയുള്ള ചെങ്ങന്നൂരില്‍ കോണ്‍ഗ്രസും ബിജെപിയും നല മെച്ചപ്പെടുത്തുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. എന്തായാലും രാജസ്ഥാനിലെ കോണ്‍ഗ്രസ് വിജയവും, ബംഗാളിലെ ബിജെപി മുന്നേറ്റവും ചര്‍ച്ചയാവാതിരിക്കാന്‍ ബിജെപിയ്ക്കേറ്റ തിരിച്ചടിയെന്ന രീതിയില്‍ പോലും പ്രചരണം വേണ്ടെന്നാണ് സോഷ്യല്‍ മീഡിയകളിലെ രഹസ്യ ഗ്രൂപ്പുകള്‍ വഴി അണികള്‍ക്ക് സൈബര്‍ നേതാക്കള്‍ നല്കുന്ന ഉപദേശം. കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടെന്ന കാരാട്ട് ലൈനിനേറ്റ തിരിച്ചടികള്‍ കാണാനിരിക്കുന്നതേ ഉള്ളു എന്ന് സീതാറാം യെച്ചൂരിയെ പിന്തുണക്കുന്നവര്‍ അടക്കം പറയുന്നുമുണ്ട്.
Discussion about this post