തിരുവനന്തപുരം: എസ്ഡിപിഐ-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന കാട്ടാക്കടയിലെ ഡിവൈഎഫ്‌ഐ നേതാവ് ചന്ദ്രമോഹന്റെ അപകട മരണത്തില്‍ ദൂരൂഹതയാരോപിച്ച് ഭാര്യ രംഗത്തെത്തി. ജയിലില്‍ നിന്നിറങ്ങിയ ശേഷമായിരുന്നു വാഹനാപകടത്തില്‍ മരിച്ച നിലയില്‍ ചന്ദ്രമോഹനനെ കണ്ടെത്തിയത്. ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം.
കേസിലെ ‘ഡമ്മി പ്രതി’യായിരുന്നു ചന്ദ്രമോഹന്‍ എന്നാണ് ഭാര്യ സൂര്യ പറയുന്നത്.
തലയ്‌ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലും പാര്‍ട്ടി അധികൃതര്‍ നിര്‍ദേശിക്കുകയോ മുന്‍കൈയെടുക്കുകയോ ചെയ്തില്ലെന്ന് ഭാര്യ ആരോപിക്കുന്നു. അതുകൊണ്ടു തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സൂര്യ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റിമാന്‍ഡ് അനുഭവിക്കാന്‍ തയ്യാറായത്. അണികള്‍ മാത്രമല്ല നേതാക്കളും ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് കമ്മിറ്റി തീരുമാനമെന്ന് തന്നോട് പറഞ്ഞതായും സൂര്യ വെളിപ്പെടുത്തി. മരണത്തില്‍ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രിക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post