ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ചെന്നൈയില്‍ വച്ച് അല്‍പസമയം മുമ്പായിരുന്നു പി ചിദംബരത്തിന്റെ മകന്റെ അറസ്‌ററ്. യുറോപ്പില്‍നിന്ന് ഇന്ന് ചെന്നൈയിലെത്തിയ കാര്‍ത്തി ചിദംബരത്തെ വിമാനത്താവളത്തില്‍നിന്നുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.
പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്കു 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നും ഇതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നുമാണ് കാര്‍ത്തിക്കെതിരായ കേസ്.
മാധ്യമ കമ്പനിക്കു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനധികൃതമായി ഇടപെട്ടെന്ന കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കാര്‍ത്തി രാജ്യം വിടുന്നതു തടയുന്നതിനു ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ഫോറിനര്‍ റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസറാണു നോട്ടിസ് പുറപ്പെടുവിച്ചത്.
കാര്‍ത്തിയുടെ പിതാവ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയ എന്ന സ്ഥാപനത്തിനു വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു സ്വാധീനം ഉപയോഗിച്ചെന്നാണു കേസ്.
കേസുമായി ബന്ധപ്പെട്ട് പത്ത് ദിവസം മുമ്പ് കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു.കാര്‍ത്തിക്ക് ഇന്ത്യയിലും വിദേശത്തും അനധികൃത സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ ഭാസ്‌കര രാമന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം. പല തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാന്‍ തയാറായിരുന്നില്ലെന്നും പറയുന്നു.
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെയും മൂന്നാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെയും ഉടമസ്ഥതയില്‍ തുടങ്ങിയ സ്ഥാപനമാണ് ഐഎന്‍എക്‌സ് മീഡിയ.നേരത്തെ വിദേശയാത്രയ്ക്ക് കാര്‍ത്തി ചിദംബരത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ മാസം 28ന്അകം തിരിച്ചെത്തണം, യാത്രാ വിശദാംശങ്ങള്‍ സിബിഐയെ അറിയിക്കണം എന്നീ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. ഇതുപ്രകാരം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്‌ററ്.
നേരത്തെ കാര്‍ത്തി ചിദംബരത്തിന്റെ സുഹൃത്തുക്കളുടെ വീടുകളും സ്ഥാപനങ്ങളുമുള്‍പ്പെടെ മൂന്നു സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ സിബിഐയും നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
Discussion about this post