പിറവം: ഫേസ്ബുക്കില്‍ പ്രചരിച്ച വിവാദ പോസ്റ്റിനെക്കുറിച്ച് പ്രതികരിച്ചതിന് പട്ടികജാതി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് സിപിഎമ്മുകാരുടെ വധഭീഷണിയെന്ന് പരാതി. വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ മുടങ്ങി. കൂത്താട്ടുകുളം മണിമലക്കുന്ന് കോളേജിലെ ബിഎ വിദ്യാര്‍ത്ഥിനിക്കാണ് ഭീഷണിയെ തുടര്‍ന്ന് പരീക്ഷ മുടങ്ങിയത്.
മണീട് പഞ്ചായത്തിലെ കാരൂര്‍ കാവില്‍ വാടകവീട്ടിലാണ് വിദ്യാര്‍ത്ഥിനിയും കുടുംബവും താമസിക്കുന്നത്. വാടകവീട്ടിലെത്തിയാണ് വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതി. പെണ്‍കുട്ടിയും കുടുംബവും പിറവം പോലിസ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുപതോളം സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു വന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നു പരാതിയില്‍ പറയുന്നു.
സംഭവത്തെകുറിച്ച് പെണ്‍കുട്ടിയും കുടുംബവും സ്ഥലത്തെ മുതിര്‍ന്ന സിപിഎം നേതാവിനെ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടില്‍ കയറി പ്രവര്‍ത്തകര്‍ തല്ലില്ലെന്നും എന്നാല്‍ വീടിനു പുറത്തുവെച്ചു എന്തെങ്കിലും സംഭവിച്ചാല്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് നേതാവ് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് പരാതിയുമായി പോലിസ്റ്റേഷനിലെത്തിയത്. കാരൂര്‍കാവ്, പേപ്പതി തുടങ്ങിയ സ്ഥലങ്ങളിലുള്ള സിപിഎംഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ബിജു, ശരത്കൃഷ്ണന്, അനന്തു. പി ഇന്ദു, ജിത്തു റ്റി.എ എന്നിവര്‍ക്കെതിരെയാണ് പിറവം സിഐക്ക് പെണ്‍കുട്ടി പരാതി നല്‍കിയത്.
ഹൈന്ദവരുടെ ആര്ത്തവവിശ്വാസങ്ങള് തെറ്റാണെന്നും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി പ്രതികരിച്ചതാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്.
പട്ടികജാതി കുടുംബത്തിനെതിരെ വധഭീഷണി മുഴക്കിയ സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് നടപടി സ്വീരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജില്ലാ സമതിയംഗം ഷീജ പരമേശ്വരന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
Discussion about this post