അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതോടെ രാജിവെക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരിനോട് കേരളത്തിലേക്കോ ബംഗ്ലാദേശിലേക്കോ പോയി അഭയം തേടൂ എന്ന പരിഹാസവുമായി ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ്മ രംഗത്ത്.
‘മണിക്ക് സര്‍ക്കാരിന് ഇനി വെറും മൂന്ന് വഴികള്‍ മാത്രമേയുള്ളൂ. ഒന്നുകില്‍ ചെറിയ രീതിയിലെങ്കിലും സിപിഎമ്മിന് സാന്നിധ്യമുള്ള പശ്ചിമ ബംഗാളിലേക്ക് പോവാം. കേരളത്തില്‍ സിപിഎം ഇപ്പോഴും ഭരണത്തിലുണ്ട്. ഇനി മൂന്ന് വര്‍ഷം കൂടിയേ ആ ഭരണമുണ്ടാവൂ അതിനാല്‍ വേണമെങ്കില്‍ കേരളത്തിലേക്ക് പോവാം. ഇതൊന്നുമല്ലെങ്കില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പോവം’, ശര്‍മ്മ പരിഹസിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം മണിക്ക് സര്‍ക്കാരിനെ ബംഗ്ലാദേശിലേക്കയക്കും എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്യമായി ഹിമന്ത് ബിശ്വ ശര്‍മ്മ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.
എന്നാല്‍ ചെങ്കോട്ട തകര്‍ന്നതോടെ കൂടുതല്‍ പരിഹാസങ്ങളുമായാണ് ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ ഇനി മൂന്ന് വര്‍ഷം മാത്രമേ ഇടതുപക്ഷ ഭരണമുണ്ടാവൂവെന്നും അദ്ദേഹം സിപിഎമ്മിനെ പരിഹസിച്ചു.
Discussion about this post