ത്രിപുരയില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി തന്റെ കിരീടത്തിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളിലായിരുന്നു രാം മാധവ്. ത്രിപുരയില്‍ അധികാരം പിടിക്കുക എന്ന അഭിമാന പ്രശ്‌നം ഏറ്റെടുത്ത റാം മാധവ് ലക്ഷ്യം കൈവരിച്ചു. മേഘാലയയിലും നാഗാലാന്റിലും സഖ്യ കക്ഷികളെയും ചെറുപാര്‍ട്ടികളെയും ചേര്‍ത്ത് ഭരണം പിടിക്കാനുള്ള ദൗത്യവും ഇപ്പോള്‍ രാം മാധവിനാണ്. ത്രിപുരയിലെ വിജയാഹ്ലാദത്തിന്‍ ചെറുതായി ഒന്ന് പങ്കെടുത്ത ശേഷം അദ്ദേഹം നാഗാലാന്റിലേക്ക് തിരിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരു സ്വതന്ത്രന്റെയും, ജെഡിയു അംഗത്തിന്റെയും പിന്തുണ ഉറപ്പിക്കലായിരുന്നു ആദ്യ കടമ്പ. രണ്ടു പേരുമായി ചര്‍ച്ച നടത്തി പിന്തുണ ഇതിനകം ഉറപ്പാക്കി. മേഘാലയയില്‍ കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനവും, കിരണ്‍ റിജിജുവും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുവെങ്കിലും രാം മാധവിന്റെ കൂടി ശ്രദ്ധ ഇവിടങ്ങളില്‍ ഉണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കാവിയണിയിക്കുക എന്ന ദൗത്യത്തിലെ സുപ്രധാന ഘട്ടം വിജയകരമായി ബിജെപി തരണം ചെയ്യുമ്പോള്‍ ഇതില്‍ രാ മാധവിന്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു.
മുന്‍പ് കാശ്മീരില്‍ പിഡിപിയുമായി ചേര്‍ന്ന് അധികാരം നേടുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നു അദ്ദേഹം.ം 2014ലെ പ്രധാനമന്ത്രിയുടെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ പരിപാടിയുള്‍പ്പെടെ പല
വിദേശ പരിപാടികള്‍ക്കും ചുക്കാന്‍ പിടിച്ചു.
ചൈനയെ ഗഹനമായി നിരീക്ഷിക്കുന്ന രാം മാധവ് പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.ജെ.പി.യ്ക്കും ആര്‍എസ്എസിനും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കാനും രാം മാധവിന് കഴിയുന്നു.രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനും ഔദ്യോഗിക വക്താവുമായ രാം മാധവ് 2014 ജൂലായ് 11നാണ് ബി ജെ പി യില്‍ ചുമതലയില്‍ വരുന്നത്. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ആണ് അദ്ദേഹത്തെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് .
രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള രാം മാധവ് ആന്ധ്ര സ്വദേശിയാണ് . 1981 മുതല്‍ ആര്‍.എസ്സ്.എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ അദ്ദേഹം 2003 മുതല്‍ ഔദ്യോഗിക വക്താവായിരുന്നു. കഴിവുള്ള യുവാക്കളെ ആര്‍എസ്എസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിക്കുക എന്ന മോദിയുടെ തീരുമാനമാണ് രാം മാധവിനെ ബിജെപിയുടെ ചുമതലയില്‍ എത്തിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ താമര പടരുമ്പോള്‍ രാം മാധവ് മോദിയുടെ വലിയ സ്വപ്‌നത്തിന് തേരുതെളിയിക്കുകയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പും ലോകസഭ തെരഞ്ഞെടുപ്പുമായി ഇനിയുള്ള നാളുകളിലും രാം മാധവ് തിരക്കിലായിരിക്കും.
Discussion about this post