കൊച്ചി: കോളിളക്കം സൃഷ്ടിച്ച സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളുള്‍പ്പടെ ഉള്ളവര്‍ക്കെതിരെ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മൂന്ന് വൈദികര്‍, ഇടനിലക്കാരന്‍ സാബു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരായാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.
കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പൊലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നില്ല. ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍നടപടി മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് സെന്‍ട്രല്‍ പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ പ്രകടമായിട്ടും പൊലീസ് കേസെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ കര്‍ദ്ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് ശേഷവും സീറോ മലബാര്‍ സഭ അടിയന്തര സിനഡ് യോഗം കര്‍ദ്ദിനാളിന് പിന്തുണ അറിയിച്ചു. കേസില്‍ അന്വേഷണമാകാമെന്ന് മാത്രമാണ് ഉത്തരവിലുള്ളത്, അല്ലാതെ കര്‍ദ്ദിനാല്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാല്‍ കര്‍ദ്ദിനാല്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് സിനഡിന്റെ വിലയിരുത്തല്‍.
Discussion about this post