ഡല്‍ഹി: മാനനഷ്ടക്കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മാപ്പ് പറച്ചില്‍ നീക്കങ്ങള്‍ പുരോഗമിക്കുന്നു. പത്ത് കോടി രൂപ വീതമുള്ള രണ്ട് മാനനഷ്ടക്കേസുകള്‍ തിരിച്ചടിയാകുമെന്ന് ഉറപ്പായിരിക്കെ ഇനി അരുണ്‍ ജെയ്റ്റ്‌ലിയുടെ കനിവിനായി ശ്രമിക്കുകയാണ് കെജ്രിവാള്‍. വിഷയത്തില്‍ ഖേദപ്രകടനം നടത്താന്‍ സന്നദ്ധത അറിയിച്ച് അരുണ്‍ ജെയ്റ്റ്‌ലിയെ കെജ്രിവാള്‍ സമീപിച്ചു കഴിഞ്ഞു.
നേരത്തെ ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയ, ബിജെപി നേതാവ് നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, അമിത് സിബല്‍ എന്നിവരോട് ഇതിനോടകം മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് തലയൂരിയിരുന്നു. നേതാവിന്റെ മാപ്പേക്ഷയില്‍ പാര്‍ട്ടിക്കകത്ത് വലിയ പൊട്ടിത്തെറിയും ഉണ്ടായി. എന്നിട്ടും കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമങ്ങള്‍ അരവിന്ദ് കെജ്രിവാള്‍ തുടര്‍ന്നു.
രണ്ട് കേസുകളിലായി 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു അരുണ്‍ജെയ്റ്റ്‌ലി കെജ്‌രിവാളിനെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയതത്. കെജ്‌രിവാളിന് പുറമെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്, കുമാര്‍ ബിശ്വാസ്, അഷുതോഷ്, രാഘവ് ചന്ദ്ര, ദീപക് ബജ്പാല്‍ എന്നിവര്‍ക്കെതിരേയും അപകീര്‍ത്തിക്കേസുകളുണ്ടായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ താല്‍പര്യപ്പെട്ട് കെജ്‌രിവാള്‍ ജെയ്റ്റ്‌ലിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്ന് ഓഫീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് കേസുകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ അത്ര പെട്ടെന്ന് മാപ്പ് പറഞ്ഞ് കെജ്‌രിവാളിന് രക്ഷപ്പെടാനാവില്ലെന്നാണ് സൂചന.കെജ്‌രിവാളിന് പുറമെ ആം ആദ്മി പാര്‍ട്ടിയിലെ മറ്റ് നേതാക്കളും മാപ്പ് പറഞ്ഞാല്‍ മാത്രമേ ഒത്ത് തീര്‍പ്പ് പരിഗണിക്കുകയുള്ളൂവെന്ന് ധനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെ അറിയിച്ചതായും വിവരമുണ്ട്.
അരുണ്‍ ജെയ്റ്റ്‌ലി ഡി.ഡി.സി.എ തലവനായിരിക്കെ അഴിമതി നടത്തിയെന്നായിരുന്നു കെജ്‌രിവാള്‍ ആരോപിച്ചിരുന്നത്. പത്ത് കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടത്. കേസിന്റെ വാദത്തിനിടെ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ രാംജെഠ്മലാനി നടത്തിയ പ്രസ്താവനയിലായിരുന്നു മറ്റൊരു അപകീര്‍ത്തി കേസ്. ഇതിലും പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ മൂന്ന്, എട്ട് തീയതികളിലാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് കേസ് പരിഗണിക്കുന്നത്. ഇതിന് മുമ്പ് കേസ് ഒത്തു തീര്‍പ്പാക്കാനാണ് കെജ്‌രിവാളിന്റെ ശ്രമം.
Discussion about this post