തിരുവനന്തപുരം: കേരളത്തിലെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ മതരഹിതര്‍ എന്ന് രേഖപ്പെടുത്തി സ്ക്കൂളുകളില്‍ പ്രവേശനം നേടിയെന്ന സര്‍ക്കാര്‍ അവകാശവാദം തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തു വന്നു. കാസര്‍ഗോഡ് ജില്ലയിലെ ആറ് സ്ക്കൂളുകളില്‍ 400ലേറെ കുട്ടികള്‍ മതമില്ലാത്തവരുടെ കോളത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഒരൊറ്റ കുട്ടി പോലും മതമില്ല എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്ന് സ്ക്കൂള് അധികൃതര്‍ പറയുന്നു. എങ്ങനെയാണ് സര്‍ക്കാരിന് ഈ രേഖകള്‍ ലഭിച്ചത് എന്നറിയില്ല എന്നാണ് സ്ക്കൂള് അധികൃതരുടെ വാദം. സര്‍ക്കാര്‍ വെബ്സൈറ്റായ സമ്പൂര്‍ണയിലും മതരഹിതരായ ഒരൊറ്റ കുട്ടികളും ഈ സ്ക്കൂളുകളില്‍ ഇല്ലെന്ന് വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ സ്ക്കൂളുകളും ഇതേ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മതരഹിതരായി രേഖപ്പെടുത്തിയിട്ടുള്ളത് തൃത്തരിപ്പൂര് സെന്റ് ജോണ്‍സ് മോഡല്‍ സ്ക്കൂളിലാണ്. 702 കുട്ടികള്‍ എന്നാണ് വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ട രേഖയിലുള്ളത്. എന്നാല്‍ ഒരൊറ്റ കുട്ടി പോലും ഇവിചെ മതം രേഖപ്പെടുത്താത്തതായി ഇല്ല എന്ന് സ്ക്കൂള് അധികൃതര്‍ പറയുന്നു.
കാസര്‍ഗോഡ് ജില്ലയിലെ ആറ് സ്ക്കൂളുകളിലായി രണ്ടായിരത്തിലധികം മതരഹിതരായ കുട്ടികളുണ്ടെന്ന വാദം തെറ്റാണെന്ന് വ്യക്തമായി. ഇതോടൊപ്പം മറ്റ് സക്കൂളുകളിലും സമാനമായ തെറ്റ് വിദ്യാഭ്യാസ വകുപ്പിന് പിണഞ്ഞിട്ടുണ്ട്. മലപ്പുറം അല്‍ഹിദായ സ്ക്കൂളിലെ 1011 കുട്ടികള്‍ മതവും ജാതിയും രേഖപ്പെടുത്തിയിട്ടില്ല എന്ന നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി വച്ച രേഖകളില്‍ ഉണ്ടായിരുന്നു. ഇത് പൂര്‍ണമായും തെറ്റാണ്, ഒരു കുട്ടിപോലും മതം രേഖപ്പെടുത്താത്തതായി ഇല്ല എന്നാണ് സ്ക്കൂള് അധികൃതര്‍ പറയുന്നത്.
വിവിധ ജില്ലകളിലെ സ്ക്കൂളുകളും മന്ത്രി പുറത്തുവിട്ട കണക്കുകള്‍ തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയമസഭയില്‍ വച്ചത് വല്ലാതെ പെരുപ്പിച്ചുള്ള കണക്കുകളാണ് എന്ന് വ്യക്തമാവുകയാണ്. എന്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു തെറ്റായ കണക്ക് പുറത്തുവിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. കേരളം മതരഹിതമാകുന്നു എന്ന തലത്തില്‍ പല ദേശീയമാധ്യമങ്ങളും സംസ്താന സര്‍ക്കാരിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്ത ചെയ്തിരുന്നു. വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ വച്ച കണക്കുകള്‍ സര്‍ക്കാര്‍ വെബ് സൈറ്റായ സമ്പൂര്‍ണയില്‍ പരിശോധിച്ചാല്‍ തന്നെ തെറ്റാണെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ജനങ്ഹളെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് സഭയില്‍ വച്ചതിന് വിദ്യാഭ്യാസമന്ത്രി മറുപടി പറയേണ്ടി വരും
Discussion about this post