ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി തുച്ഛവിലയ്ക്കു കപില്‍ സിബല്‍ സ്വന്തമാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. ന്യൂഡല്‍ഹി നഗരസഭാ പരിധിയില്‍ 89 കോടി രൂപ വിലമതിക്കുന്ന ഭൂമി സിബല്‍ ഒരുലക്ഷം രൂപയ്ക്കു വാങ്ങിയെന്നാണ് മന്ത്രി ആരോപിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്നും സ്മൃതി ഇറാനി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നാഷനല്‍ ഹെറാള്‍ഡ് കേസിനു സമാനമായ തട്ടിപ്പാണു സിബല്‍ നടത്തിയതെന്നും സ്മൃതി ഇറാനി പറയുന്നു. പീയൂഷ് ഗോയല്‍ എന്ന ബിസിനസുകാരനുമായി ചേര്‍ന്നാണു സിബല്‍ തട്ടിപ്പ് നടത്തിയത്. സിബലിനും ഭാര്യയ്ക്കും കൂടി 100 ശതമാനം ഓഹരിയുള്ള ഗ്രാന്‍ഡെ കാസിലോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു ഭൂമി വാങ്ങിയത്. ഒരു ലക്ഷം രൂപയാണു കമ്പനിയുടെ ആസ്തി.
ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തില്‍ സ്വാധീനമുള്ള ഇന്ത്യന്‍ വ്യവസായികളായ ഗുപ്ത ബ്രദേഴ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്സ് വിന്‍ഡോ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണു ഗ്രാന്‍ഡെ കാസിലോ പ്രൈവറ്റ് ലിമിറ്റഡെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു.
Discussion about this post