ഇസ്ലാമാബാദ്: വര്‍ഷങ്ങള്‍ക്ക് ശേഷം മലാല തന്റെ ജന്മ നഗരത്തിലെത്തി. താലിബാന് ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച മലാല യൂസഫ് സായ് ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലെ മിംഗോറയിലെ തന്റെ സ്വന്തം വീട്ടിലേക്കെത്തി. മലാല എത്തുന്നതിനോട് അനുബന്ധിച്ച് പോലീസ് വന്‍ സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. സ്വാത് താഴ്വര വരെ ഹെലികോപ്റ്ററില്‍ എത്തിയ മലാല പിന്നീട് കാറിലാണ് മിംഗോറയിലേക്ക് പുറപ്പെട്ടത്.
ബുധനാഴ്ചയാണ് മാതാപിതാക്കാള്ക്കൊപ്പം മലാല പാക്കിസ്ഥാനില്‍ എത്തിയത്. പ്രധാനമന്ത്രി ഷഹീദ് അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഒരാഴ്ച പാക്കിസ്ഥാനില്‍ തങ്ങാനാണ് തീരുമാനം. 2012ല്‍ താലിബാന്റെ വെടിയേറ്റ മലാലയ്ക്ക് ഇപ്പോള്‍ ഇരുപതു വയസുണ്ട്. ഭീകരാക്രമണത്തില്‍ തലയ്ക്കേറ്റ ഗുരുതര പരിക്ക് ഭേദമാക്കാന്‍ ബ്രിട്ടനിലെത്തിയ മലാലയും കുടുംബവും തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.
Discussion about this post