കൊടും ചതിയുമായി ഇന്ത്യൻ മണ്ണിനെ കീഴ് പ്പെടുത്താനെത്തിയ പാകിസ്താൻ പട്ടാളത്തെ അവരുടെ ഒളിയിടത്തിൽ കടന്ന് ചെന്ന് കയറി തകർത്തെറിഞ്ഞ ആത്മധൈര്യം, കിലോക്കണക്കിന് ഭാരവുമായി അതിശൈത്യത്തിലൂടെ ചെങ്കുത്തായ മഞുമലകൾ താണ്ടിയ സാഹസികത, മാതൃരാജ്യത്തിനായി ഊണും ഉറക്കവും കളഞ്ഞ് പൊരുതിയ ധീരത… ചീറിപ്പായുന്ന വെടിയുണ്ടകൾക്കിടയിലൂടെയുള്ള ചുവടുകൾ… ശത്രുവിന് വിട്ട് നൽകാതെ സഹപ്രവർത്തകന്റെ മൃതദേഹം കിലോമീറ്ററുകൾ ചുമലിലേറ്റിയ സ്‌നേഹം … പേരാടി വീരമൃത്യുവരിച്ച 527 ധീരസൈനികർ… കാർഗിൽ എന്നും ഭാരതത്തിന് കനലോർമ്മയാണ്…
രാജ്യത്തിന്റെ സമാധാന പൂർണമായ ഭാവിയ്ക്ക് വേണ്ടി കരാറിലേർപ്പെട്ടിട്ടും ഇന്ത്യൻ മണ്ണിനെ ദുഷ്ലാക്കോടെ ആഗ്രഹിച്ച പാകിസ്താനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ ജൂലൈ 26 ഉം. രണ്ട് മാസത്തോളം നീണ്ടുനിന്ന, ഒരുപാട് രക്തച്ചൊരിച്ചിലുകൾ ഉണ്ടായ, ലോകത്തിന് മുൻപിൽ പാകിസ്താൻ നാണം കെട്ട ആ മഹായുദ്ധത്തിന്റെ യഥാർത്ഥ കാരണം ആരായിരുന്നു? ദുരാഗ്രഹികളായ പാകിസ്താൻ തന്നെ എന്നാണ് അതിനുള്ള ഉത്തരം. ഒടുവിൽ അതിൽ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് പാകിസ്താൻ.
999 ൽ വാജ്പേയി സർക്കാരിന്റെ സമയത്ത് ഉണ്ടാക്കിയ കരാർ തങ്ങൾ ലംഘിച്ചുവെന്ന് സമ്മതിച്ചിരിക്കുകയാണ് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. വാജ്‌പേയി ഇവിടെവന്ന് നമ്മളുമായി സമാധാന കരാറുണ്ടാക്കി. ഈ കരാർ ലംഘിച്ചത് നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നായിരുന്നു നവാസ് ഷെരീഫിന്റെ കുറ്റസമ്മതം. തന്റെ പാർട്ടിയായ പാകിസ്താൻ മുസ്ലീം ലീഗ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കുറ്റസമ്മതം നടത്തിയത്. 1999 ഫെബ്രുവരി 21-നാണ് ഷരീഫും വാജ്പേയിയും ലാഹോർ കരാറിൽ ഒപ്പുവച്ചത്. എന്നാൽ, കരാർ ഒപ്പിട്ട് മാസങ്ങൾക്കു ശേഷം കാർഗിലിലേക്ക് പാകിസ്താൻ സേന കടന്നുകയറുകയായിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ഉടമ്പടിയായിരുന്നു 1999 ഫെബ്രുവരി 21ന് ഒപ്പുവെച്ച ലാഹോർ കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതായിരുന്നു കരാർ. എന്നാൽ കരാർ ഒപ്പുവെച്ച് മാസങ്ങൾക്ക് ശേഷം ഭീകരരായി പ്രച്ഛന്നവേഷം ധരിച്ചെത്തിയ പാക് സൈനികർ ഇന്ത്യൻ മണ്ണിലെത്തി ആക്രമണം നടത്തുകയായിരുന്നു.
കൊടും ശൈത്യ സമയത്ത് ഷിംല കരാറിന്റെ ഭാഗമായി ഇന്ത്യ സൈനികരെ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാകിസ്താന്റെ കൊടും ചതി. ഓപ്പറേഷൻ ബദർ എന്ന പേരിൽ സൈനിക മേധാവി പർവേസ് മുഷറഫിന്റെ ഉത്തരവിലാണ് പാക് സൈന്യം നിയന്ത്രണ രേഖ മറികടന്നത്. ആട്ടിടയൻമാരിൽ നിന്നും ഈ നീക്കം അറിഞ്ഞ ഇന്ത്യ അതിവേഗം ഓപ്പറേഷൻ വിജയ്ക്ക് തുടക്കമിട്ടു. ആസൂത്രണത്തിനോ തയ്യാറെടുപ്പുകൾക്കോ സമയം ലഭിക്കാതിരുന്നിട്ട് പോലും ഇന്ത്യ അസാമാന്യമായി അന്ന് പാക് സൈന്യത്തെ നേരിട്ടു. മൂന്ന് സേനകളും ഒരുമെയ്യായി ചങ്കുറപ്പോടെ യുദ്ധക്കളത്തിൽ പൊരുതി. ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ പാക് സൈന്യം തോറ്റോടുകയായിരുന്നു.
കാർഗിൽ യുദ്ധം നടന്ന് കാൽനൂറ്റാണ്ടിന് ശേഷം ഉണ്ടായ ഈ കുറ്റ സമ്മതം വലിയ ചർച്ചയ്ക്കാണ് കാരണമായിരിക്കുന്നത്. ലോകത്തിന്റെ മുന്നിൽ പാകിസ്ഥാന്റെ യഥാർത്ഥ സ്വഭാവമാണ് ഇപ്പോൾ തുറന്നുകാട്ടപ്പെടുന്നത്. ആകെ പ്രതിസന്ധികളിൽ പെട്ടുഴലുന്ന പാകിസ്താന് മറ്റൊരു തിരിച്ചടി കൂടിയാവുകയാണ് നവാസ് ഷെരീഫിന്റെ കുറ്റസമ്മതം.
Discussion about this post