ഔദ്യോഗിക ആവശ്യത്തിനും അല്ലാതെയുമായി വിദേശയാത്രകൾ നടത്തുന്നവരാണ് നമ്മളിൽ പലരും. ഒരു വിദേശ രാജ്യത്തേക്കുള്ള യാത്ര ഒരുപക്ഷേ നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആവേശകരമായ അനുഭവമാണ്. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാനാണ് മിക്ക ആളുക്കൾക്കും ഇഷ്ടം. എന്നാൽ, മറ്റു രാജ്യങ്ങളിൽ അവിടത്തെ ലൈസൻസ് ഇല്ലാതെ ഡ്രൈവിംഗ് ചെയ്യാൻ കഴിയില്ലല്ലോ? പക്ഷേ, ഇപ്പോൾ ചില രാജ്യങ്ങളിൽ ഇത് സാധ്യമാണ്. നിങ്ങൾക്കൊരു ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം എന്നു മാത്രം. ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ എല്ലാം ശരിയാകും. എങ്ങനെയെന്നല്ലേ ?
ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ പെർമിറ്റിന്റെ ആവശ്യമില്ലാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് തന്നെ ചില രാജ്യങ്ങളിൽ വാഹനങ്ങൾ ഓടിക്കാൻ സാധിക്കും. ഇന്ത്യൻ ലൈസൻസ് ഉണ്ടെങ്കിൽ 21 രാജ്യങ്ങളിൽ വാഹനമോടിക്കാം. ഇത്തരത്തിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് സ്വന്തമായി വണ്ടി ഓടിക്കാൻ സാധിക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം.
ആദ്യത്തെ രാജ്യം അമേരിക്കയാണ്. രാജ്യത്ത് പ്രവേശിച്ച ദിവസം മുതൽ ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് സാധുതയുണ്ട്. എന്നിരുന്നാലും, ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിലും ആയിരിക്കരുത്. അത് ഇംഗ്ലീഷിൽ തന്നെയാകണം. യാത്രക്കാർ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള അവരുടെ നിയമാനുസൃതമായ പ്രവേശനത്തിന്റെ തെളിവായി സാക്ഷ്യപ്പെടുത്തിയ I-94 ഫോമും കൈവശം വയ്‌ക്കണം.
അടുത്ത രാജ്യമാണ് ന്യൂസിലൻഡ്. നിങ്ങൾക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടെങ്കിൽ, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ ഒരു വർഷത്തേക്ക് ഇവിടെ ഡ്രൈവ് ചെയ്യാം. ന്യൂസിലാന്റിലെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, മലകൾ മുതൽ ബീച്ചുകൾ വരെ, നിങ്ങൾക്ക് കണ്ട് മതിമറന്ന് നടക്കാം. ന്യൂസിലൻഡ് ട്രാൻസ്‌പോർട്ട് എജൻസി ഇന്ത്യൻ ലൈസൻസ് അംഗീകരിക്കണമെന്ന് മാത്രം.
സിംഗപ്പൂർ പൊതുവെ ഒരു ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ള രാജ്യമാണ്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ഡ്രൈവിംഗ് പെർമിറ്റ് ഉള്ള വ്യക്തികൾക്ക് ഒരു വർഷം വരെ ഇവിടെ ഡ്രൈവ് ചെയ്യാം. സൗന്ദര്യം കൊണ്ടും മനോഹരമായ കാഴ്ചകൾ കൊണ്ടുമാണ് ഈ രാജ്യം സഞ്ചാരികളെ ആകർഷിക്കുന്നത്. അവിശ്വസനീയമായ നിരവധി കാഴ്ചകൾ, വ്യത്യസ്തമായ സംസ്‌കാരം, രുചികരമായ ഭക്ഷണം ഇത്രയുമാണ് സിംഗപ്പൂർ എന്ന രാജ്യത്തെ സഞ്ചാരികൾ തിരഞ്ഞെടുക്കാൻ കാരണം. ഉയരം കൂടിയ കെട്ടിടങ്ങൾ, ദ്വീപുകൾ , ചെറിയ ചെറിയ തെരുവുകൾ തുടങ്ങിയവയൊക്കെ സിംഗപ്പൂരിലെ ആകർഷകമായ കാഴ്ചകളാണ്. സിംഗപ്പൂരിലെ റോഡുകൾ സുഖപ്രദമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നവയാണ്.
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ ഒരാൾക്ക് ദക്ഷിണാഫ്രിക്കയിലും സഞ്ചരിക്കാം. എന്നാൽ ഇതിന് രണ്ട് കാര്യങ്ങൾ ആവശ്യമാണ്. ഒന്ന് നിങ്ങൾക്ക് 21 വയസ്സ് തികഞ്ഞിരിക്കണം. രണ്ട് ഡ്രൈവിംഗ് സൈസൻസ് ഇംഗ്ലീഷിൽ പ്രിന്റ് ചെയ്തിരിക്കണം.
ഇന്ത്യയിലെ പോലെ തന്നെ ഡ്രൈവിംഗ് രീതിയിൽ ഏറെ സാമ്യമുള്ള രാജ്യമാണ് യുകെ. ഇവിടെയും ഒരു വർഷത്തേക്ക് റോഡുകളിൽ വാഹനം ഓടിക്കുന്നതിന് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് മതി. എന്നിരുന്നാലും, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള വാഹനങ്ങൾ മാത്രമേ നിങ്ങൾക്ക് ഓടിക്കാൻ അനുവാദമുണ്ടാവുകയുള്ളു.
ഒരു ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് സ്വീഡനിൽ ഡ്രൈവ് ചെയ്യാൻ സാധിക്കും. എന്നാൽ നിങ്ങളുടെ ലൈസൻസ് സ്വീഡിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ അല്ലെങ്കിൽ നോർവീജിയൻ എന്നി ഭാഷകളിലൊന്നിൽ അച്ചടിച്ചിരിക്കണം എന്നു മാത്രം.
ആവശ്യമായ റെസിഡൻസി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വേണമെങ്കിൽ സ്‌പെയിനിൽ ഒരു റോഡ് ട്രിപ്പ് നടത്താം. ആവശ്യമെങ്കിൽ, നിങ്ങളുടെ ഐഡന്റിറ്റിയുടെ തെളിവ് ഹാജരാക്കേണ്ടി വന്നേക്കാം.
ഇന്ത്യയെപ്പോലെ, ഓസ്ട്രേലിയയിലും കാറുകൾ ഇടതുവശത്താണ് ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയിലെ ഡ്രൈവിംഗ് കുറച്ചു കൂടി സിംപിൾ ആയിരിക്കും. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ്, സൗത്ത് ഓസ്ട്രേലിയ, ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ ഓസ്ട്രേലിയ അനുവദിക്കും.
കാനഡ ഇന്ത്യൻ പൗരന്മാരെ അവരുടെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് 60 ദിവസം വരെ ഡ്രൈവ് ചെയ്യാൻ അനുവദിക്കും. അതിനു ശേഷം നിങ്ങൾ രാജ്യത്ത് ഡ്രൈവിംഗ് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരാൾ പ്രത്യേക പെർമിറ്റ് നേടേണ്ടതുണ്ട്. കാനഡയിലെ വാഹനങ്ങൾ റോഡിന്റെ വലതുവശത്തു കൂടിയാണ് ഓടിക്കുന്നത്.
ജർമ്മനിയിലും ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ, ആറ് മാസത്തേക്ക് മാത്രമേ പറ്റു. ലൈസൻസ് ഒന്നുകിൽ ഇംഗ്ലീഷിലോ ജർമ്മനിലോ ആയിരിക്കണം.
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷം വരെ ഫ്രാൻസിൽ സാധുതയുണ്ട്. എന്നിരുന്നാലും ഒരാൾ അത് ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്യണം. യൂറോപ്പിലെ മിക്കയിടത്തേയും പോലെ, ഫ്രാൻസിലെ കാറുകൾക്ക് ഇടതുവശത്ത് സ്റ്റിയറിംഗ് വീൽ ഉണ്ട്. കൂടാതെ കാറുകൾ റോഡിന്റെ വലതുവശത്തും ഓടിക്കുന്നു.
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു രാജ്യമാണ് മലേഷ്യ. അവിടെ വണ്ടി ഓടിക്കാൻ ഇംഗ്ലീഷിലോ മലായിലോ ഉള്ള ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് അത്യാവശ്യമാണ്. മലേഷ്യയിലെ ഇന്ത്യൻ എംബസിയോ ലൈസൻസ് നൽകിയ എംവിഡിയുടെയോ സാക്ഷപ്പെടുത്തലും വേണം. ഇവ ഇല്ലെങ്കിൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് അത്യാവശ്യമാണ്.
Discussion about this post