ലാഭനഷ്ടക്കണക്കുകൾ ഉയർന്നുകേൾക്കുന്ന ബിസിനസ് ലോകത്ത് പലപ്പോഴും ബിസിനസുകാരന്മാരുടെ ജൈത്ര യാത്രകളാണ് ചർച്ചയാവാറുള്ളത്. എല്ലാ റിസ്‌ക്കുകളും ഏറ്റെടുത്ത് പൊരുതി ജയിച്ച ബിസിനസുകാരികൾ എണ്ണത്തിൽ തുലോം കുറവായതുകൊണ്ടായിരിക്കാം ഇത്. ബിസിനസ് ലോകത്തെ സാമ്രാജ്യം സ്ത്രീകളുടേത് കൂടിയെന്ന് തെളിയിച്ച അസാമാന്യ പ്രതിഭയാണ് മല്ലിക ശ്രീനിവാസൻ. ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിന്റെ മാതൃക. രാജ്യം പത്മശ്രീ നൽകി ആദരിച്ച ട്രാക്ടർ റാണി.
ആഗോള ബിസിനസ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീരത്‌നമാണ് മല്ലിക ശ്രീനിവാസൻ എന്ന 64 കാരി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാക്ടർ നിർമ്മാതാവായ മല്ലികയുടെ ആസ്തി ഏകദേശം 23,000 കോടി രൂപയാണ്.കോടീശ്വരനായ വേണു ശ്രീനിവാസന്റെ പത്‌നിയായിട്ട് കൂടി ഭർത്താവിന്റെ തണലിൽ നിന്ന് മാറി സ്വന്തം റിസ്‌ക്കിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് മല്ലികയുടേത്. ട്രാക്ടേഴ്‌സ് ആൻഡ് ഫാം എക്യുപ്‌മെന്റ് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനത്തേക്കളുള്ള മല്ലികയുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല.
1959 ൽ മദ്രാസിലാണ് മല്ലികയുടെ ജനനം. പഠനത്തിൽ മിടുക്കിയായിരുന്ന അവർ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവർ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് എംബിഎ എടുത്തു. 1986 ൽ അവർ എസ് അനന്തരാമകൃഷ്ണൻ സ്ഥാപിച്ച കുടുംബ ബിസിനസിലേക്ക് കടന്നു. കമ്പനിയിൽ അവർ നടപ്പിലാക്കിയ പരിവർത്തനങ്ങൾ കമ്പനിയെ ഉന്നതിയിലെത്തിച്ചു.
2018 ൽ ഹോർച്യൂൺ ഇന്ത്യയുടെ രാജ്യത്തെ ശക്തരായ വനിതകളിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ ബിസിനസ് വുമൺ ഓഫ് ദ ഇയർ അവാർഡ് നിരവധി വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. ട്രാക്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, മദ്രാസ് ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയ അവർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബിസിനസിലേക്ക് ഇറങ്ങി തന്റേതായ ലോകം വെട്ടിപിടിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ് മല്ലികാ ശ്രീനിവാസൻ.











