മഴക്കാലമായാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് ഈച്ച ശല്യം. പ്രത്യേകിച്ച് എന്തെങ്കിലും പഴവർഗങ്ങൾ കൊണ്ട് വീട്ടിൽ വച്ചിട്ടുണ്ടെങ്കിൽ പിന്നെ ഈ ശല്യം ഇരട്ടിയാകും. ഇവ നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ കയറിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, ഇവയെ തുരത്താൻ അടുക്കളയിലും മറ്റും അണുനാശിനികൾ പ്രയോഗിക്കാനും കഴിയില്ല.
ഈ സാഹചര്യങ്ങളിൽ അടുക്കളയിലുള്ള രണ്ട് സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഈച്ച ശല്യം ഇല്ലാതാക്കാം. ചെറുനാരങ്ങയുടെ നീരും ഗ്രാമ്പൂവുമാണ് ഈ രണ്ട് ചേരുവകൾ. ഇവ ഉപയോഗിച്ച് എങ്ങനെയാണ് ഈച്ചയെ അകറ്റാമെന്ന് നോക്കാം…
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ചെറുനാരങ്ങയുടെ നീര് എടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് പച്ചവെള്ളം കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്ത് അരിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ 20 ഗ്രാമ്പൂ എടുത്ത് മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഗ്രാമ്പൂവിന്റെ മണം നന്നായി വെള്ളത്തിലേക്ക് ഇറങ്ങിയതിന് ശേഷം വേണം സ്റ്റൗ ഓഫ് ചെയ്യാൻ. ഈ വെള്ളം നന്നായി തണുത്തതിന് ശേഷം നേരത്തെ തയ്യാറാക്കി വച്ച നാരങ്ങാ നീരിലേക്ക് ചേർക്കണം. രണ്ടും നന്നായി മിക്‌സ് ചെയ്ത ശേഷം സ്‌പ്രേ ബോട്ടിലിൽ ഒഴിച്ച് അത് ഈച്ച വരുന്ന ഭാഗങ്ങളിൽ സ്‌പ്രേ ചെയ്ത് കൊടുക്കുക. വീട് തുടയ്ക്കുന്ന വെള്ളത്തിൽ ഈ മിശ്രിതം ഒഴിച്ച് തുടയ്ക്കുന്നതും ഈച്ചയെ അകറ്റും.
Discussion about this post