ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. ജൂണ്‍ 2017ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് 19 വയസ്സുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടി ജനിച്ചത് 2002ലാണെന്നാണ് പെണ്‍കുട്ടിയുടെ തന്നെ മൊഴി. സി.ബി.ഐ ഇതിനെപ്പറ്റി ഒരു മെഡിക്കല്‍ പരിശോധന നടത്തുന്നുണ്ട്.
ജൂണ്‍ 22നായിരുന്നു പെണ്‍കുട്ടി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയായത്. പരിശോധന നടത്തിയ റേഡിയോളജിസ്റ്റായ എസ്.കെ.ജോഹ്റിയാണ് പെണ്‍കുട്ടിയുടെ പ്രായം 19 ആണെന്ന് സ്ഥിരീകരിച്ചത്. സന്ധികളിലുള്ള എല്ലുകളുടെ ഘടന നോക്കിയിട്ടാണ് അദ്ദേഹം ഈ തീരുമാനത്തിലെത്തിയത്.
പെണ്‍കുട്ടിയുടെ പ്രായത്തെപ്പറ്റി പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ അമ്മയും കൊടുത്ത് മൊഴിയില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടി സ്വന്തം ജനന തീയ്യതി പറഞ്ഞത് ആഗസ്ത് 17, 2002 എന്നായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞ തീയ്യതി ജൂലൈ 15, 2002 എന്നും. അതേസമയം ബലാത്സംഗം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പുറപ്പെടുവിച്ച് സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയ്യതി ഏപ്രില്‍ 15, 2002 എന്നാണ്. പെണ്‍കുട്ടിയുടെ സ്കൂളായ എസ്.ബി.എസ് പബ്ലിക് സ്കൂള്‍ നല്കിയ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ ആഗസ്ത് 17, 2002 എന്നാണ് ജനന തീയ്യതി നല്‍കിയിട്ടുള്ളതെങ്കിലും പെണ്‍കുട്ടിയുടെ പേര് തെറ്റായിട്ടാണ് കൊടുത്തിട്ടുള്ളത്.
ബലാത്സംഗം ചെയ്യപ്പെട്ട സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്ത്തിയായിട്ടുണ്ടായിരുന്നെങ്കില് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റത്തിന്റെ വകുപ്പ് മാറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം പോക്സോ നിയമപ്രകാരമുള്ളതാണ്.
Discussion about this post