കൊല്ലം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതാവുകയും കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത യുവതി ഗര്‍ഭിണിയല്ലെന്ന് പോലീസ്. ഭര്‍ത്താവിനൊപ്പം പ്രസവത്തിനെത്തിയ മടവൂര്‍ സ്വദേശിനിയായ ഷംനയെ പരിശോധനകള്‍ക്കായി പോയതിനെത്തുടര്‍ന്ന് കാണാതാവുകയായിരുന്നു. യുവതി ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
കരുനാഗപ്പള്ളിയിലെ ടാക്സി ജീവനക്കാരാണ് നഗരത്തിലൂടെ അലഞ്ഞുതിരിയുകയായിരുന്ന യുവതിയെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയത്. യുവതിയെ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ് ഇവരെ തിരിച്ചറിയാന്‍ ടാക്സി ജീവനക്കാരെ സഹായിച്ചത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെനിന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞതായാണ് പോലീസ് പറയുന്നത്.
യുവതിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും കരുനാഗപ്പള്ളി എസ്ഐ അറിയിച്ചു.
Discussion about this post