ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബദാമിയില്‍ നേരിടാന്‍ തയാറാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടാല്‍ ബദാമിയില്‍ മത്സരിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബദാമിയില്‍ തനിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടാല്‍ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി സിദ്ധരാമയ്യയെ പരാജയപ്പെടുത്തുമെന്നും യെദ്യൂരപ്പ ചിക്ക്മഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ധരാമയ്യ ഇത്തവണ രണ്ടു മണ്ഡലങ്ങളില്‍നിന്നാണ് ജനവിധി തേടുന്നത്. ചാമുണ്ഡേശ്വരിയില്നിന്നും ബദാമിയില്നിന്നുമാണ് അദ്ദേഹം മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടിടങ്ങളില്‍ മത്സരിക്കുന്നത്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ബദാമിയില്‍ മത്സരിക്കുന്നതിനായി ചൊവ്വാഴ്ച സിദ്ധരാമയ്യ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ചാമുണ്ഡേശ്വരിയില്‍ കനത്ത മത്സരം നേരിടുമെന്ന ഉറപ്പുള്ളതിനാലാണ് ബദാമിയിലും മത്സരിക്കുന്നത്. ബാദമിയില്‍ പക്ഷേ യെദ്യൂരപ്പ മത്സരത്തിനെത്തിയാല്‍ മൂന്നാമതൊരു മണ്ഡലം കൂടി ജയമുറപ്പിക്കാന്‍ സിദ്ധരാമയ്യ തേടേണ്ടി വരുമെന്നാണ് എതിരാളികളുടെ പരിഹാസം.
Discussion about this post