മംഗളൂരു: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ആണ് അറസ്റ്റിലായത്. ദുബായിൽ നിന്നും മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം.
ദുബായിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു മുഹമ്മദ്. വിമാനം ദുബായിൽ നിന്നും പുറപ്പെട്ടതിന് തൊട്ട് പിന്നാലെ തന്നെ മുഹമ്മദ് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു. സഹയാത്രികരോട് തർക്കിച്ചതിനെ തുടർന്ന് ഇയാളോട് വിമാനത്തിലെ ജീവനക്കാർ കാര്യം അന്വേഷിച്ചു. എന്നാൽ ഇവരോടും മുഹമ്മദ് തട്ടിക്കയറുകയായിരുന്നു. വിമാനത്തിൽ നിന്നും ഇയാൾ കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇയാളെ ജീവനക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു. മംഗളൂരുവിൽ എത്തിയതോടെ ഇയാളെ ജീവനക്കാർ പോലീസിന് കൈമാറി.
ബാജ്‌പേ പോലീസിനാണ് ഇയാളെ കൈമാറിയത്. തുടർന്ന് ഇയാൾക്കെതിരെ പരാതിയും നൽകുകയായിരുന്നു. പരാതിയിലെ ആരോപണങ്ങൾ ഗൗരവതരമാണെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ എക്‌സ്പ്രസ് സുരക്ഷാ കോർഡിനേറ്റർ സിദ്ധാർത്ഥ് ആണ് പരാതി നൽകിയത്.
Discussion about this post