സൂറത്ത്: പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവും സൂറത്ത് സ്ഥാനാർത്ഥിയുമായിരുന്ന നിലേഷ് കുംഭാനിയുടെ വമ്പൻ വെളിപ്പെടുത്തലിൽ ഞെട്ടി കോൺഗ്രസ്. പാർട്ടിയാണ് തന്നെ വഞ്ചിച്ചതെന്ന് കുംഭാണി കുറ്റപ്പെടുത്തി. ഞാൻ വഞ്ചിച്ചെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കാംരേജ് നിയമസഭാ സീറ്റ് അവസാനനിമിഷം നിഷേധിച്ച് പാർട്ടിയാണ് 2017-ൽ എന്നെ ആദ്യമായി വഞ്ചിച്ചത്. കോൺഗ്രസാണ് ആദ്യം തെറ്റുചെയ്തത്, ഞാനല്ല. പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യാത്ത അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് പാർട്ടി നടത്തിക്കൊണ്ടുപോവുന്നത്. ഇതിൽ പ്രവർത്തകർ അസംതൃപ്തരാണ്. ഇന്ത്യ സഖ്യത്തിലുള്ള എ.എ.പി. നേതാക്കൾക്കൊപ്പം പ്രചാരണത്തിന് ഇറങ്ങിയ എന്നെ ഈ നേതാക്കൾ എതിർത്തുവെന്ന് കുംഭാണി ആരോപിച്ചു.
സംസ്ഥാന പാർട്ടി പ്രസിഡന്റ് ശക്തിസിൻഹ് ഗോഹിലിനോടും രാജ്‌കോട്ട് സ്ഥാനാർഥി പരേഷ് ദഹനിയോടുമുള്ള ബഹുമാനം കൊണ്ടാണ് താൻ ഇത്രയും ദിവസം മിണ്ടാതിരുന്നതെന്ന് കുംഭാനി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ താൻ പാർട്ടിയെ വഞ്ചിച്ചുവെന്ന് പറയുന്നു. എന്നാൽ, 2017ൽ പാർട്ടിയാണ് തന്നെ വഞ്ചിച്ചത്. സൂറത്തിലെ കാംരാജ് നിയമസഭ സീറ്റിൽ നിന്നുള്ള മത്സരത്തിൽ നിന്നും തന്നെ അവസാന നിമിഷമാണ് പാർട്ടി ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പത്രിക തള്ളിയതോടെ കേസ് കൊടുക്കാൻ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായിരുന്നു. പക്ഷേ, കോൺഗ്രസ് നേതാക്കൾ തന്റെമേൽ കുറ്റം ചാർത്തിയതിനാൽ ആ നീക്കം ഉപേക്ഷിച്ചു.
പത്രിക തള്ളിപ്പോവുകയും ബി.ജെ.പി. സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ കുംഭാണിയെ കാണാതാവുകയായിരുന്നു. തുടർന്ന് കോൺഗ്രസ് അദ്ദേഹത്തെ ആറുവർഷത്തേക്ക് പുറത്താക്കിയിരുന്നു.
Discussion about this post